ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിൻ ഇടിച്ചു മരിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ

തൃപ്പൂണിത്തുറ: റെയിൽവേ മേൽപാലത്തിനു സമീപം ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിൻ ഇടിച്ചു മരിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ. ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണു(23) ആണ് അറസ്റ്റിലായത്. ഹിൽപാലസ് ഇൻസ്പെക്ടർ വി.ഗോപകുമാറും സംഘവും ചേർന്നാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.2022 സെപ്തംബർ മാസം 15 നാണ് കേസിനാസ്പദമായ സംഭവം.

തൃപ്പൂണിത്തുറ റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം രാത്രി 12.30 ഓടെയാണ് ട്രെയിൻ ഇടിച്ചു മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കാക്കനാട് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവന്നിരുന്ന യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡനങ്ങൾക്ക് വിധേയമാക്കിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

‘സംഭവദിവസം രാത്രി 10.30 ഓടെ ചാത്താരിയിലുള്ള അപ്പാർട്ടുമെന്റിൽ വെച്ച് യുവതിക്ക് മദ്യം നൽകിയ ശേഷം ക്രൂരമായി മർദ്ദിച്ചിരുന്നതായും അതിനെതുടർന്നാണ് ആത്മഹത്യയെന്നും പോലീസ് പറഞ്ഞു. മദ്യപിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അക്രമം നടത്തിയതിന് പ്രതിക്കെതിരേ നിലവിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

തൃക്കാക്കര അസി. പോലീസ് കമ്മീഷണർ പി.വി.ബേബി നേതൃത്വം നൽകിയ അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ വി.ഗോപകുമാർ, എസ്.ഐമാരായ എം.പ്രദീപ്, കെ.എസ്.രാജൻ പിള്ള, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി സന്തോഷ്, സതീഷ് കുമാർ, എസ്.സി.പി.ഒ ശ്യാം.ആർ മേനോൻ, സി.പി.ഒ ലിജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്

Share
അഭിപ്രായം എഴുതാം