തൃക്കാക്കര നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും ജലക്ഷാമത്തിനു പരിഹാരം കാണുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇടപ്പള്ളി കനാലിലെ കയ്യേറ്റങ്ങള്‍ ഒരു മാസത്തിനകം ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെയും ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന്റെയും കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ വെങ്കിടേശപതിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള വെള്ളം, ഇടപ്പള്ളി കനാലിലൂടെ ജലക്ഷാമം രൂക്ഷമായ സ്ഥലത്ത് എത്തിക്കാനാണു ജലസേചന വകുപ്പ് ശ്രമിക്കുന്നത്.
കനാലിനു മുകളില്‍ ഭൂമി കയ്യേറി 23 വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. 17 കുടുംബങ്ങളാണു നിലവില്‍ ഇവിടെ താമസിക്കുന്നത്. ഇവരെ ഒരു മാസത്തിനുള്ളില്‍ സ്വന്തമായ നിലയിലോ തൃക്കാക്കര നഗരസഭയുടെ സഹായത്തോടുകൂടിയോ മറ്റൊരു സ്ഥലത്തേക്കു മാറ്റി താമസിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.
21.25 കിലോമീറ്ററാണ് ഇടപ്പള്ളി കനാലിന്റെ നീളം. ഇതില്‍ 15.5 കിലോമീറ്റര്‍ ദൂരം വരെ നിലവില്‍ വെള്ളം ഒഴുകുന്നുണ്ട്. കയ്യേറ്റം നിലനില്‍ക്കുന്ന ഭാഗമൊഴികെ കനാല്‍ പൂര്‍ണമായും വൃത്തിയാക്കി കഴിഞ്ഞു. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം ബാക്കി ഭാഗങ്ങള്‍ കൂടി നവീകരിക്കും.
യോഗത്തില്‍ തൃക്കാക്കര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, ജലസേചന വകുപ്പ് സുപ്രണ്ടിങ് എഞ്ചിനീയര്‍ ബാജി ചന്ദ്രന്‍, ജല സേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.