പുലിക്കൂട്ടങ്ങളെ മനം നിറഞ്ഞ് കണ്ട് അവരും

ആൾക്കൂട്ടങ്ങൾ നിറഞ്ഞ ആഘോഷങ്ങൾ അന്യമായ ഭിന്നശേഷിക്കാരെയും ചേർത്ത് നിർത്തി തൃശൂരിൽ അരങ്ങേറിയ പുലിക്കളി. ജില്ലയുടെ പലഭാഗങ്ങളിൽ നിന്നെത്തിയ പത്തിലധികം ഭിന്നശേഷിക്കാരാണ് നഗരത്തിൽ ഇറങ്ങിയ പുലിക്കൂട്ടങ്ങളെ മനം നിറഞ്ഞ് ആസ്വദിച്ചത്.  ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കറിന്റെ നേതൃത്വത്തിലാണ് പുലിക്കളി തടസമില്ലാതെ ആസ്വദിക്കാൻ അവസരമൊരുക്കിയത്. ഫയർ ആന്റ് റസ്ക്യൂ സർവ്വീസസിന് കീഴിലുളള സിവിൽ ഡിഫൻസ് അംഗങ്ങൾ തൃശൂർ റൗണ്ടിനടുത്ത് മണികണ്ഠനാലിന് സമീപമാണ് വിൽചെയറിലും  മുച്ചക്ര സ്കൂട്ടറിലുമായി പവലിയൻ സൗകര്യമൊരുക്കിയത്. പവലിയനിലെ വിദേശ ടൂറിസ്റ്റുകളും അവരുടെ സന്തോഷത്തിനൊപ്പം ചേർന്നു. പുലിക്കളി അവസാനിക്കുന്നത് വരെ  ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ ഉൾപ്പെടെ അവർക്ക് വേണ്ട പരിചരണങ്ങൾ നൽകി.  തൃശൂർ പൂരം കുടമാറ്റവും വെടിക്കെട്ടുമൊക്കെ കാണാൻ അവസരം ലഭിച്ചതോടെയാണ് എല്ലാ ഉത്സവങ്ങളും ആസ്വദിക്കാനുളള തങ്ങളുടെ ആവകാശങ്ങൾ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടായതെന്ന് ഓൾ കേരളാ വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കവിത പി കേശവൻ പറഞ്ഞു. വൈസ്പ്രസിഡന്റ് താജുദ്ദീൻ നാട്ടിക, ജോയിന്റ് സെക്രട്ടറി ക്രിഷ് വിജയ് തുടങ്ങി പത്തിലധികം വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ അംഗങ്ങളാണ്  പുലിക്കളി നേരിൽ കണ്ട് ആസ്വദിച്ചത്.

Share
അഭിപ്രായം എഴുതാം