കൊല്ലത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ്

കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിലായി . ഫിസിയോതെറാപ്പിസ്റ്റ് ആയ സൈദലിയാണ് പൊലീസ് കസ്റ്റഡിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് വേണ്ടി ക്വട്ടേഷൻ നൽകിയത് ഈ യുവാവാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

അവയവ മാഫിയ ആണോ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നായിരുന്നു കുട്ടിയെ കാണാതായതിന് പിന്നാലെ പൊലീസിന്റെ ആദ്യ സംശയം. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവങ്ങൾക്ക് കാരണമെന്ന് വ്യക്തമായത്. പതിനാലുകാരൻറെ അമ്മ ഇടനിലക്കാരിയായി ബന്ധുവിൽ നിന്ന് 10 ലക്ഷം രൂപ അയൽവാസിക്ക് വാങ്ങി നൽകിയിരുന്നു. അയൽവാസി ഈ പണം മടക്കി നൽകിയില്ല. പണം തിരികെ കിട്ടാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ബന്ധുവിന്റെ മകൻ സൈദലി ഒരു ലക്ഷം രൂപയ്ക്ക് കൊട്ടേഷൻ നൽകിയത്. ഇയാൾ മാർത്തണ്ഡത്ത് ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ്.

ഒമ്പതംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. എതിർത്ത സഹോദരിയെ അടിച്ചുവീഴ്ത്തിയാണ് കുട്ടിയെ ബലമായി കാറിൽ കയറ്റിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൊട്ടിയം പൊലീസ് സന്ദേശം നൽകി. പൂവാർ സ്റ്റേഷൻ പരിധിയിൽ പൊലീസിനെ കണ്ട സംഘം കുട്ടിയേയും കൊണ്ട് ഓട്ടോയിൽ പോകുന്നതിനിടെയാണ് പിടിയിലായത്.

സംഭവം നടന്ന് അഞ്ചുമണിക്കൂറിനുള്ളിൽ തന്നെ പൊലീസിന് കുട്ടിയെ കണ്ടെത്താനായി. തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ ബിജുവിനെ അറസ്റ്റ് ചെയ്തു. ബാക്കി ഉള്ളവർ ഓടി രക്ഷപ്പെട്ടു. മയക്ക് മരുന്ന് നൽകി ബോധരഹിതനാക്കിയ ശേഷമാണ് തന്നെ വാഹനത്തിലേക്ക് കയറ്റിയതെന്നും വലിയ മർദ്ദനമാണ് സംഘത്തിൽ നിന്നും നേരിട്ടതെന്നും പതിനാലുകാരൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ പിടിയിലാകാനുള്ള ബാക്കി ഏഴ് പ്രതികളും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം മുന്നോട്ട് പോവുകയാണ്.

Share
അഭിപ്രായം എഴുതാം