പീച്ചി ഓണാഘോഷത്തിന്റെ രണ്ടാംദിന പരിപാടികൾക്ക് ആവേശം പകർന്ന് പ്രാദേശിക കലാകാരന്മാർ ഒരുക്കിയ കലാസന്ധ്യ. കലാപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി നിർവ്വഹിച്ചു. കാണികളിൽ ഒരാളായി റവന്യൂമന്ത്രി കെ രാജൻ എത്തിയത് ഓണാവേശത്തിന്റെ മാറ്റുകൂട്ടി. ഏകാംഗ നാടകം അവതരിപ്പിച്ച കലാകാരൻ ഒല്ലൂർ പി ഡി പൗലോസിനെ പൊന്നാട അണിയിച്ച് മന്ത്രി ചടങ്ങിൽ ആദരിച്ചു. സാമൂഹ്യ പരിഷ്കർത്താവും നാടകകൃത്തുമായ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതം ആവിഷ്കരിക്കുന്ന കരിവീട്ടിയാണ് പി ഡി പൗലോസ് അരങ്ങിലെത്തിച്ചത്. കലാ പരിപാടികൾക്ക് എല്ലാ ആശംസകളും നേർന്നാണ് മന്ത്രി വേദിയിൽ നിന്ന് മടങ്ങിയത്.
ആകർഷകമായ കാർണിവൽ, കുട്ടികൾക്കുള്ള റൈഡുകൾ, വിവിധ സ്റ്റാളുകൾ, ദീപാലങ്കാരങ്ങൾ എന്നിവ പീച്ചി ഓണഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കലാസന്ധ്യയ്ക്ക് പുറമെ, നാടൻപാട്ട്, ഗാനമേള, മിമിക്സ് പരേഡ്, ഫിഗർ ഷോ, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക്സ് ഡാൻസ്, കവിതാലാപനം, കുടുംബശ്രീ അവതരിപ്പിച്ച തിരുവാതിരക്കളി, ഒപ്പന, മാർഗംകളി എന്നീ കലാപ്രകടനങ്ങളും രണ്ടാം ദിനത്തിൽ വേദി കീഴടക്കി.
പീച്ചി ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 6) രാവിലെ 9.30ന് നടക്കുന്ന കാർഷിക സെമിനാർ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷനാകും. കാലാവസ്ഥ വ്യതിയാനവും കാർഷിക മേഖലയും എന്ന വിഷയത്തിൽ വെള്ളാനിക്കര കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.സി ആർ രശ്മി സെമിനാർ അവതരിപ്പിക്കും. കാർഷിക കോളേജ് പ്രൊഫസർ ഡോ.പി അനിത സെമിനാറിൽ മോഡറേറ്ററാവും. വൈകീട്ട് മൂന്ന് മണി മുതൽ വനിതകളുടെ തിരുവാതിരക്കളി, ഓണക്കളി, ഒപ്പന, സംഘനൃത്തം, സംഘഗാനം, നാടൻപാട്ട്, ന്യത്ത പ്രദർശനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.