തിരുവനന്തപുരം: വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്ന് സുപ്രിം കോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്രയുടെ വിവാദ പ്രസ്താവന. താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമർശമുള്ളത്.
നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവർ പറയുന്നതും ഇന്ദുമൽഹോത്ര നന്ദി പറയുന്നതും കേൾക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു യു ലളിതും ഇന്ദുമൽഹോത്രയും ചേർന്ന ബഞ്ചാണ്. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി തള്ളിയായിരുന്നു ഇത്.
സ്വത്തുക്കൾ കണ്ടാണ് സർക്കാർ നീക്കമെന്ന ജഡ്ജിയുടെ തന്നെ പരാമർശത്തോടെ, കേസിൻറെ മെറിറ്റിനെ കോടതി എങ്ങനെയാണ് കണ്ടതെന്ന സുപ്രധാന ചോദ്യമാണുയരുന്നത്. ബിജെപിയുടെ പ്രചാരണങ്ങൾക്ക് ചേർന്ന് രീതിയിലാണ് ഇന്ദു മൽഹോത്രയുടെ പരാമർശമെന്നും വിമർശനമുണ്ട്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്രം കുറിച്ച ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് വിധി പറഞ്ഞ ഒരേ ജഡ്ജിയും ഇന്ദു മൽഹോത്രയാണ്