യുക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്ത വീഡിയോ ട്വിറ്ററിലിട്ട ഇറ്റാലിയന്‍ വനിതാ നേതാവ് വിവാദത്തില്‍

റോം: യുക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച ഇറ്റാലിയന്‍ വനിതാ നേതാവ് വിവാദത്തില്‍. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതാവ് ജോര്‍ജിയ മെലോനിയാണ് വീഡിയോ പങ്കുവച്ചത്. ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ട്വിറ്റര്‍ വീഡിയോ നീക്കം ചെയ്തിരുന്നു. സെപ്റ്റംബര്‍ 25 ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജോര്‍ജിയ മെലോനി നയിക്കുന്ന നേതൃത്വത്തിലുള്ള സംഖ്യം വന്‍ ഭൂരിപക്ഷം നേടുമെന്നാണ് സര്‍വേകള്‍ പറയുന്നത്. പിയാചെന്‍സ നഗരത്തില്‍ ഞായറാഴ്ചയാണ് 55 വയസുകാരിയായ ഉക്രൈന്‍ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ടത്. ഗിനിയയില്‍നിന്നുള്ള അഭയാര്‍ഥിയാണ് കേസിലെ പ്രതി. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പരിസരത്തെ അപാര്‍ട്മെന്റില്‍ ഉണ്ടായിരുന്ന ആരോ ചിത്രീകരിക്കുകയായിരുന്നു. പ്രദേശിക മാധ്യമങ്ങള്‍ എഡിറ്റ് ചെയ്ത്പുറത്തുവിട്ട വീഡിയോയാണ് മെലോനി ട്വീറ്റ് ചെയ്തത്. എന്നാല്‍, ഈ നടപടി ക്രൂരമാണെന്നും അതിജീവിതയുടെ അനുവാദം വാങ്ങാതെയുള്ള മെലോനിയുടെ നടപടി അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്നുമാണ് വിമര്‍ശനം. എന്നാല്‍, ഇരയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അവര്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് താന്‍ വീഡിയോ പങ്കുവെച്ചതെന്നാണ് മെലോനിയുടെ വിശദീകരണം.

Share
അഭിപ്രായം എഴുതാം