സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘കേരളത്തിലെ സ്വാതന്ത്ര്യ പോരാളികള്‍’ എന്ന വിഷയത്തില്‍ കാരിക്കേച്ചര്‍, പെയിന്റിങ് മത്സരവും, ‘കേരള നവോത്ഥാനം- സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍’ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരവും പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിക്കുന്നു.
ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കാരിക്കേച്ചര്‍, പെയിന്റിങ്, പ്രബന്ധം എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരത്തുള്ള വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഓഗസ്റ്റ് 31ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വൈകി ലഭിക്കുന്ന രചനകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: വകുപ്പ് ഡയറക്ടറേറ്റ് – 0471-2727378, 2727379, കൊല്ലം മേഖലാ ഓഫീസ്- 0474-2914417, എറണാകുളം മേഖലാ ഓഫീസ് – 0484-2429130.
മത്സരത്തിന്റെ നിബന്ധനകള്‍
• മത്സരാര്‍ത്ഥികള്‍ സംസ്ഥാനത്തെ കോളജുകളില്‍ പഠിക്കുന്നവരായിരിക്കണം. ഇത് സംബന്ധിച്ച് പഠിക്കുന്ന കോളജില്‍ നിന്നും സാക്ഷ്യപത്രം ഹാജരാക്കണം.
• മത്സരാര്‍ത്ഥികള്‍ കേരളീയരായിരിക്കണം.
• വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
• കാരിക്കേച്ചര്‍, പെയിന്റിങ് മത്സരം, പ്രബന്ധ രചനാ മത്സരം എന്നീ രണ്ട് വിഭാഗങ്ങളിലാണ് മത്സരം.
• രണ്ട് വിഭാഗങ്ങളിലും ഒരു വിദ്യാര്‍ത്ഥിക്ക് പങ്കെടുക്കാം.
• മികച്ച രചനകള്‍ നടത്തുന്ന സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും.
• സൃഷ്ടികള്‍/ പ്രബന്ധം അയക്കുന്നവരുടെ പേര്, പൂര്‍ണമായ മേല്‍വിലാസം, കോളജിന്റെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം.
• സൃഷ്ടികള്‍/ പ്രബന്ധം സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം സമര്‍പ്പിക്കണം. അല്ലാത്തവ നിരസിക്കും.
• കാരിക്കേച്ചര്‍, പെയിന്റിംഗ് വിഭാഗങ്ങളില്‍ പെന്‍സിന്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ് ക്രയോണ്‍സ് എന്നിവ ഉപയോഗിച്ച് വരയ്ക്കാം.
• പ്രബന്ധം മലയാളത്തിലുള്ളതായിരിക്കണം.
• ചിത്ര രചനയ്ക്കായി എ 4 ഷീറ്റ്, എ 3 ഷീറ്റ്, ചാര്‍ട്ട് പേപ്പര്‍ എന്നിവ ഉപയോഗിക്കാം. (വെള്ള നിറത്തിലുള്ള പ്രതലമായിരിക്കണം)
• പ്രബന്ധം എ 4 സൈസ് പേപ്പറില്‍ നാല് പേജില്‍ കവിയരുത്.
• അയക്കുന്ന പ്രബന്ധങ്ങള്‍ പകര്‍ത്തിയെഴുതിയതോ പ്രസിദ്ധീകരിച്ചതോ ആകരുത്.
• പ്രബന്ധങ്ങള്‍ എഴുതിയോ മലയാളത്തില്‍ ടൈപ്പ് ചെയ്‌തോ അയക്കാം.
• സൃഷ്ടികള്‍ അയക്കുന്ന കവറിന് പുറത്ത് ‘ആസാദി കാ അമ്യത് മഹോത്സവ് – പ്രബന്ധ രചന/കരിക്കേച്ചര്‍/പെയിന്റിംഗ് മത്സരം എന്ന് രേഖപ്പെടുത്തണം.