ബി.ജെ.പിയെ തടയാന്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മഹാസഖ്യം മതിയെന്ന് മമത

കൊല്‍ക്കത്ത: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തടയാന്‍ രാജ്യവ്യാപകമായി സഖ്യം ആവശ്യമില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മാത്രം മഹാസഖ്യം മതിയാകുമെന്ന അഭിപ്രായം പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി മറ്റ് ദേശീയ നേതാക്കളെ അറിയിച്ചതായി സൂചന. അസമിലും സഖ്യസാധ്യതയുണ്ടെന്ന് മമത വിലയിരുത്തി.

നരേന്ദ്ര മോദിക്ക് എതിരാളിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്നതിനെ മമതാ ബാനര്‍ജി എതിര്‍ക്കുകയാണ്. അതതു സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളിലെ ശക്തരായ നേതാക്കളെ ഉയര്‍ത്തിക്കാട്ടണം. മമതയുടെ സിദ്ധാന്തം അനുസരിച്ച് പഞ്ചാബിലും ഡല്‍ഹിയിലും എ.എ.പി, തമിഴ്നാട്ടില്‍ ഡി.എം.കെ, തെലങ്കാനയില്‍ ടി.ആര്‍.എസ്, ബംഗാളില്‍ തൃണമൂല്‍, ഉത്തര്‍പ്രദേശ് സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളാണു ബി.ജെ.പിക്കെതിരായ പോരാട്ടം നയിക്കേണ്ടത്.മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പോരാട്ടം നയിക്കണം. ബംഗാളിലെ 42 സീറ്റുകളിലും മത്സരിക്കാനുള്ള തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ബി.ജെ.പി. സഖ്യത്തില്‍നിന്നു നിതീഷ് കുമാറിന്റെ ജെ.ഡി(യു) പുറത്തുവന്നതോടെ പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി സ്ഥാനം മോഹിക്കുന്ന ഒരാള്‍ കൂടിയായെന്നാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.പരസ്പരം പോരാടുന്നത് ഒഴിവാക്കാന്‍ തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സമവാക്യം സഹായിക്കുമെന്നാണ് അവരുടെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →