വേങ്ങര പൊലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മികവുറ്റ പൊലീസ് സേനയാണ് കേരളത്തിലേത്. ആധുനികവത്കരണത്തോടൊപ്പം സേനയുടെ വൈവിധ്യ വത്കരണവും കേരളത്തിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
1977 സ്ഥാപിതമായ വേങ്ങര പൊലീസ് സ്‌റ്റേഷന്‍ ഇതുവരെ വിവിധ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 2.50 കോടി ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് വിട്ട് നല്‍കിയ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
7500 ചതുരശ്ര അടിയില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനുമായി പ്രത്യേക ലോക്കപ്പ് മുറികളും സിഐ, എസ്‌ഐമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി പ്രത്യേക ഓഫീസ് മുറികളും സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.