ബോധി 2022 ദേശീയ അര്‍ബന്‍ കോണ്‍ക്ലേവ് ലോഗോ പ്രകാശനം ചെയ്തു
ആഗോള നഗരമായി വളരുന്ന കൊച്ചിയില്‍ നഗരാസൂത്രണം അത്യാവശ്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) സംഘടിപ്പിക്കുന്ന ബോധി 2022 ദേശീയ അര്‍ബന്‍ കോണ്‍ക്ലേവിന്റെ ലോഗോ ഓണ്‍ലൈന്‍ ആയി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവേഗം നഗരവത്കരണം നടക്കുന്ന കേരളത്തില്‍ നഗരാസൂത്രണത്തിലെ ആധുനിക സങ്കേതങ്ങള്‍ മനസിലാക്കി മുന്നോട്ടു പോകേണ്ട സമയമായെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മുന്നിലെത്തിയ കേരളം നഗരാസൂത്രണത്തില്‍ പിന്നില്‍ പോകുന്ന സാഹചര്യമാണുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനുകരണീയ മാതൃകകള്‍ സ്വീകരിച്ചു നഗരാസൂത്രണം നടപ്പാക്കണം. ടൂറിസം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി മാറും. കേരളത്തിന്റെയും കൊച്ചിയുടെയും നവീകരണത്തിനായി നിലകൊള്ളുന്ന വിശാല കൊച്ചി വികസന അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ടി. ജെ വിനോദ് എം. എല്‍. എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ കോണ്‍ക്ലേവിന്റെ വിഷയാവതരണം നടത്തി. ജി. സി. ഡി. എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള ലോഗോ പ്രദര്‍ശിപ്പിച്ചു. ജി. സി. ഡി. എ സെക്രട്ടറി അബ്ദുല്‍ മാലിക്, ചീഫ് ടൗണ്‍ പ്ലാനര്‍ എം. എം ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.
ഒക്ടോബര്‍ 9, 10 തീയതികളില്‍ ബോള്‍ഗാട്ടി പാലസിലാണ് ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. വികസന അതോറിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും ദേശീയ അസോസിയേഷനുമായും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡുമായും സഹകരിച്ചാണ് കോണ്‍ക്ലേവ് നടത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. നഗരാസൂത്രണ പ്രക്രിയയിലെ സാര്‍വദേശീയ പാഠങ്ങളും പുതിയ വെല്ലുവിളികളും അവസരങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളില്‍ നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഉയര്‍ന്നു വരുന്ന വികസനാവശ്യങ്ങളെയെല്ലാം തൃപ്തിപ്പെടുത്തുന്ന വികസന കാഴ്ചപ്പാടുകള്‍ തയ്യാറാക്കുക എന്നതാണ് ലക്ഷ്യം.
നീതി ആയോഗ് സി.ഇ.ഒ. പരമേശ്വരന്‍ അയ്യര്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വികസന അതോറിറ്റി പ്രതിനിധികള്‍, നഗരാസൂത്രണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.