തിരൂർ മലയാളം സർവകലാശാലയിൽ എസ്എഫ്ഐ, ഫ്രറ്റേണിറ്റി, ഡിഎസ്എ, എഐഎസ്എ പ്രവർത്തകർ ഏറ്റുമുട്ടി: നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

തിരൂർ: മലയാളം സർവകലാശാല ക്യാമ്പസ് വിദ്യാർത്ഥി യൂണിയൻ ഓഫിസിൽ സംഘർഷം.യൂണിയൻ ഓഫിസിലുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകരും യൂണിയൻ ഓഫിസിലേക്ക് സംഘടിച്ചെത്തിയ ഫ്രറ്റേണിറ്റി, ഡിഎസ്എ, എഐഎസ്എ പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

വിദ്യാർത്ഥി യൂണിയൻ ഓഫിസിന് നേരെ ഫ്രറ്റേണിറ്റി, ഡിഎസ്എ, എഐഎസ്എ പ്രവർത്തകരുടെ കൂട്ടായ്മ ആയിരുന്ന വിദ്യാർത്ഥി പ്രതികരണ കൂട്ടായ്മയ ആക്രമണം നടത്തുകയായിരുന്നു എന്ന് എസ്എഫ്ഐ ആരോപിച്ചു. 11/08/2022 വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. യൂണിയൻ ഓഫിസിൽ സംഘടിച്ചെത്തിയ വിദ്യാർത്ഥി പ്രതികരണ കൂട്ടായ്മയ പ്രവർത്തകരും ഓഫിസിനകത്തുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. യൂണിയൻ ഓഫിസിനകത്തുണ്ടായിരുന്ന യൂണിയൻ ഭാരവാഹികളെയും എസ്എഫ്ഐ പ്രവർത്തകരേയും വിദ്യാർത്ഥി പ്രതികരണ കൂട്ടായ്മയ പ്രവർത്തകർ മർദിച്ചു.

2022-23 വർഷത്തെ തെരഞ്ഞെടുപ്പിൽ 24 സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചതിനെ തുടർന്ന് ക്യാമ്പസിൽ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കാൻ ആസൂത്രണങ്ങൾ നടത്തിവരുന്നത്തിന്റെ ഭാഗമാണ് യൂണിയൻ ഓഫിസ് ആക്രമണം നടന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. 2022 ഓ​ഗസ്റ്റ് 11ന് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന്റെ പരിപാടികൾ ആലോചിക്കാൻ ചേർന്ന പെൺകുട്ടികളടങ്ങുന്ന യൂണിയൻ ഭാരവാഹികളെയും എസ്എഫ്ഐ പ്രവർത്തകരെയും യൂണിയൻ ഓഫിസിൽ അതിക്രമിച്ചു കടന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ ആരോപണം. പരിക്കേറ്റ യൂണിയൻ ഭാരവാഹികളെയും എസ്എഫ്ഐ പ്രവർത്തകരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായി സർവകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രതിനിധികൾക്കെതിരെ നടന്ന ആസൂത്രിത ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി.

എസ്എഫ്‌ഐക്കാരല്ലാത്തവർ സ്റ്റുഡന്റ്‌സ് വെൽഫയർ റൂമിൽ കയറിയെന്ന് പറഞ്ഞ് എസ്എഫ്‌ഐ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് വിദ്യാർത്ഥി പ്രതികരണ കൂട്ടായ്മയ ആരോപിച്ചു

Share
അഭിപ്രായം എഴുതാം