പാകിസ്താന്റെ യുദ്ധക്കപ്പലായ പി.എന്‍.എസ്. തയ്മൂറിന് നങ്കൂരമിടാന്‍ ലങ്കന്‍ സര്‍ക്കാരിന്റെ അനുമതി

കൊളംബോ: പാകിസ്താന്റെ മിസൈല്‍ വാഹിനി യുദ്ധക്കപ്പലായ പി.എന്‍.എസ്. തയ്മൂറിന് കൊളംബോയില്‍ നങ്കൂരമിടാന്‍ ലങ്കന്‍ സര്‍ക്കാരിന്റെ അനുമതി. ചാട്ടോഗ്രാം തുറമുഖത്ത് കപ്പല്‍ തങ്ങുന്നത് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തടഞ്ഞെന്നും റിപ്പോര്‍ട്ട്.ആഗസ്റ്റ് ഏഴിനും പത്തിനുമിടയില്‍ കപ്പലിന് തുറമുഖത്ത് പോര്‍ട്ട് കോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. പാക് പിന്തുണയുള്ള ജമാ അത്ത് ഇസ്ലാമി തീവ്രവാദികള്‍ ഷേഖ് ഹസീനയുടെ പിതാവിനെ വധിച്ചത് 1975 ഓഗസ്റ്റ് 15-ന് ആണ്. ഈ സമയത്ത് രാജ്യത്ത് ദുഖാചരണം നടക്കുന്നതിനാലാണ് കപ്പലിന് അനുമതി നിഷേധിച്ചത്. ബംഗബന്ധു എന്നറിയപ്പെട്ട പിതാവ് ഷെയ്ഖ് മുജിബൂര്‍ റഹ്മാനെ തീവ്രവാദികള്‍ വകവരുത്തിയത് പാകിസ്താന്റെ പിന്തുണയോടെയാണെന്ന ഉറച്ച വിശ്വാസത്തിലാണ് ഷേഖ് ഹസീന. മാത്രമല്ല, ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നല്ല ബന്ധത്തിലുമാണവര്‍. കപ്പലിന് അനുമതി നിഷേധിച്ചതിനു പിന്നില്‍ ഇതെല്ലാം ഉണ്ടാകുമെന്നാണ് അഭ്യൂഹം.

ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ 2000-ല്‍ തീവ്രവാദികള്‍ അവരെയും വധിക്കാന്‍ നീക്കം നടത്തിയിരുന്നു. 2004-ല്‍ അവാമി പാര്‍ട്ടി പ്രസിഡന്റായിരുന്ന വേളയിലും അവര്‍ക്കെതിരേ വധശ്രമമുണ്ടായി. സെപ്റ്റംബര്‍ ആദ്യം ഇന്ത്യാ സന്ദര്‍ശനത്തിനു തയാറെടുക്കുകയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 1320 മെഗാ വാട്ടിന്റെ ഇന്ത്യ- ബംഗ്ലാദേശ് സംയുക്ത താപെവെദ്യുത നിലയം മോദിയുമായി ചേര്‍ന്ന് രാംപാലില്‍ അവര്‍ ഉദ്ഘാടനം ചെയ്യും.

Share
അഭിപ്രായം എഴുതാം