കോഴിക്കോട് : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികള്‍ കോടതിയില്‍ കീഴടങ്ങാനെത്തി. കൊല്ലപ്പെട്ട ഇര്‍ഷാദിനെ തട്ടി കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ട ഇര്‍ഷാദ്, മിസ്ഹര്, ഷാനവാസ് എന്നിവരാണ് കല്‍പ്പറ്റ സിജെഎം കോടതിയിലെത്തി കീഴടങ്ങിയത്.
വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം, മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് ഇര്‍ഷാദിന് സംഘം തട്ടിക്കൊണ്ടുപോയത്. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം, ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്. ഇയാളുടെ സഹോദരന് ഷംനാദ്, സുഹൃത്തായ ഉനൈസ് എന്നിവരും ആസൂത്രണത്തില്‍ മുഖ്യ പങ്കാളികളായി. ഇവരുടെ അറസ്റ്റാണ് ഇനി കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുക.


