കണ്ണൂർ: കുരങ്ങ് വസൂരി ലക്ഷണത്തെ തുടർന്ന് കണ്ണൂരിൽ ഏഴു വയസ്സുകാരി നിരീക്ഷണത്തിൽ. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 07/08/22 ഞായറാഴ്ച യുകെയിൽ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായി പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
അതേസമയം രാജ്യത്ത് രണ്ടാമതായി കുരങ്ങു വസൂരി സ്ഥിരീകരിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ (31) രോഗമുക്തി നേടി. ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണ്. ഇദ്ദേഹത്തെ 06/08/22 ശനിയാഴ്ച ഡിസ്ചാർജ് ചെയ്തു.
2022 ജൂലൈ 13ന് യുഎഇയിൽ നിന്ന് വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16 നാണ് കണ്ണൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടിട്ടില്ല.


