റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേശവദാസപുരത്ത് വൃദ്ധയെ കൊന്ന് കിണറ്റിൽ ഇട്ട സംഭവം; പ്രധാന പ്രതി അലി ഒളിവിൽ, അഞ്ച് പേർ കസ്റ്റഡിയിൽ

August 8, 2022 - 11:39 am

തിരുവനന്തപുരം : കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധയെ കൊന്ന് കിണറ്റില്‍ തളളിയ കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ടചിമ ബംഗാള്‍ സ്വദേശി ആദം അലി ഒളിവിലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍. ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ആദം അലി നഗരം വിട്ടുപോയോ എന്നതില്‍ ഉറപ്പില്ലെന്ന് പൊലീസ് പറയുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ വീട് സന്ദര്‍ശിച്ചു.

മനോരമ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് സംശയം. മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവച്ചിരുന്നു. മനോരമയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ കതകില്‍ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാര്‍ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റില്‍ കൊണ്ടിട്ടു എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് ആദ്യം കരുതിയത്. 60,000 രൂപ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ ഈ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഈ പണം സുരക്ഷിതമായി ഉണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അങ്ങനെ എങ്കില്‍ കൊലപാതക കാരണം എന്താണെന്ന് കൂടുതല്‍ വ്യക്തമാകേണ്ട സാഹചര്യമാണ്. പോസ്റ്റുമോര്‍ട്ടം അടക്കം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നത്.

കൊലപാതക ശേഷം പ്രതിയായ ആദം അലി സുഹൃത്തുക്കളെ വിളിച്ചു. രക്ഷപ്പെടുന്നതിനായി പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. രക്ഷപ്പെടുന്നതിനിടെ ഉള്ളൂരില്‍ നിന്നാണ് ആദം സുഹ്യത്തുകളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോള്‍ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് പബ്ജിയില്‍ തോറ്റപ്പോള്‍ ആദം അലി മൊബാല്‍ തല്ലി പൊട്ടിച്ചിരുന്നു. കൊലപാതക കേസിലെ പ്രതി ആദം അലി മനോരമ താമസിക്കുന്ന വീടിന് അടുത്ത വീട്ടില്‍ ജോലിക്കെത്തിയത് 6 മാസം മുമ്പാണ്. കെട്ടിടം പണിക്കായി ബംഗാളില്‍ നിന്ന് വന്ന തൊഴിലാളിയാണ് ആദം അലി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കേശവദാസപുരം ദേവസ്വം ലെയിനില്‍ താമസിക്കുന്ന 60 വയസുള്ള മനോരമയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആദം അലി സ്ഥിരമായി ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നയാളല്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ഇയാള്‍ അടിക്കടി സിം നമ്പറുകളും ഫോണുകളും മാറ്റുന്നയാളാണ്.

07/08/22 ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ മനോരമയുടെ വീട്ടില്‍ നിന്ന് വലിയ ശബ്ദം കേട്ടതായി സമീപത്തുള്ളവര്‍ പറഞ്ഞു. മനോരമയും ഭര്‍ത്താവുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് വര്‍ക്കലയിലെ മകളെ കാണാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.

തുടക്കം മുതലേ മനോരമയുടെ വീടിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് സംശയം നീണ്ടിരുന്നു. ആദം അലി അടക്കമുള്ള 5പേര്‍ കുറച്ച് ദിവസം മുന്‍പാണ് ഇവിടെയെത്തിയത്. മനോരമയുടെ വീട്ടിലേക്ക് ആദം അലി താമസിച്ച വീട്ടില്‍ നിന്ന് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയുമായിരുന്നു. ഇതാണ് ഇവര്‍ക്കെതിരെ സംശയം നീളാനുണ്ടായ കാരണം. തലസ്ഥാന നഗരത്തിന്റെ ഹൃദയ ഭാഗത്താണ് കൊലപാതകം നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *