തന്നെ ഫോണിൽ ഭീഷണി പെടുത്തി എന്ന പരാതിയുമായി ജോജു ജോർജിനെതിരെ സംവിധായകൻ ശശിധരൻ. ജോജു ജോര്‍ജ് ആണ് താന്‍ സംവിധാനം ചെയ്‍ത ചോല സിനിമയുടെ വിതരണം അട്ടിമറിച്ചതെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.
ജോജു ജോർജിനെതിരെയുള്ള സനൽകുമാർ ശശിധരൻ്റ സോഷ്യൽ മീഡിയ കുറിപ്പ് ഇങ്ങിനെ.
ചോല എന്ന സിനിമ പൂഴ്ത്തി വെയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന് ഞാന്‍ പോസ്റ്റ് ഇട്ടതില്‍ പ്രകോപിതനായി ജോജു ജോര്‍ജ്ജ് എന്നെ അല്പം മുന്‍പ് ഫോണില്‍ വിളിച്ച് ചീത്ത വിളിക്കുകയും എന്റെ വീട്ടില്‍ വന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
സിനിമയുടെ കാര്യം സംസാരിക്കാന്‍ പലപ്രാവശ്യം ശ്രമിച്ചിട്ടും എന്നോട് സംസാരിക്കാന്‍ തയാറാവാതിരുന്ന അയാള്‍ എന്റെ പോസ്റ്റില്‍ പ്രകോപിതനായതു കൊണ്ട് മാത്രമാണ് വിളിച്ചത് എന്ന് തോന്നുന്നു. സിനിമയുടെ മേല്‍ എനിക്കുള്ള അവകാശം കരാറില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം അയാള്‍ പറഞ്ഞത് ഞാന്‍ കള്ളം പറയുന്നു എന്നാണ്. എന്നാല്‍ കരാര്‍ ഞാന്‍ പബ്ലിഷ് ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍ എന്നെ വീണ്ടും ചീത്ത പറയുകയാണ് ചെയ്തത്. ഫോണ്‍ ഞാന്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും പബ്ലിഷ് ചെയ്യുമെന്നും പറഞ്ഞപ്പോള്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്ത് പോയിട്ടുള്ളതാണ്. എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവരുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി ആയി എന്നുമാത്രമേ ഞാന്‍ കരുതുന്നുള്ളു. പക്ഷെ ചോല എന്ന സിനിമയില്‍ എനിക്കുള്ള മൂന്നിലൊന്ന് അവകാശം കരാര്‍ പ്രകാരം ഉള്ളതായതിനാല്‍ എന്നെ തല്ലിയാലും കൊന്നാലും അത് ഇല്ലാതാവുകയില്ല എന്നും ഞാനറിയാതെ അത് ആര്‍ക്കെങ്കിലും വില്പന നടത്തിയിട്ടുണ്ടെങ്കില്‍ ആ വില്പന കരാര്‍ അസാധുവാണെന്ന സത്യം നിലനില്‍ക്കുമെന്നും അറിഞ്ഞിരിക്കണം. ഞാന്‍ എന്തായാലും ഒരു പരാതി കൊടുക്കാന്‍ തീരുമാനിച്ചു. എനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിനടിയില്‍ അധിക്ഷേപ കമെന്റഴുതുന്നവര്‍ സൈബര്‍ ബുള്ളിയിങ് എന്ന കുറ്റവും ചെയ്യുന്നുണ്ട് എന്നോര്‍ത്താല്‍ നന്ന്.