പാര്‍ഥ ചാറ്റര്‍ജിയുടെ വകുപ്പുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറ്റെടുത്തു

കൊല്‍ക്കത്ത: അധ്യാപക നിയമന കുംഭകോണക്കേസില്‍ അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയുടെ വകുപ്പുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറ്റെടുത്തു. മന്ത്രിയെ നീക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് ആവശ്യമുന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണു നടപടി.പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കിയെന്നും കോഴക്കേസില്‍ പാര്‍ട്ടി കര്‍ശന നടപടി സ്വീകരിച്ചെന്നും മമത ബാനര്‍ജി പത്രക്കുറിപ്പില്‍ പറഞ്ഞു. ‘തൃണമൂല്‍ കോണ്‍ഗ്രസ് വളരെ കര്‍ശനമായ പാര്‍ട്ടിയായതിനാല്‍ ഞാന്‍ അദ്ദേഹത്തെ ഒഴിവാക്കി. ഇത് കാണിച്ച് ടി.എം.സിയെക്കുറിച്ചുള്ള ധാരണ മാറ്റാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അതു തെറ്റാണ്’ -മമത വ്യക്തമാക്കി.

പാര്‍ഥ ചാറ്റര്‍ജിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ഇതുവരെ അമ്പതു കോടിയോളം രൂപയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്തത്. ഈ സാഹചര്യത്തിലാണ് മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിതന്നെ രംഗത്തെത്തിയത്. പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍നിന്നു മാത്രമല്ല, പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കണമെന്നാണ കുനാല്‍ ഘോഷിന്റെ ആവശ്യം. വാണിജ്യം, വ്യവസായം, പാര്‍ലമെന്ററി കാര്യം, ഐടി, ഇലക്ട്രോണിക്സ്, പൊതുസംരംഭം, വ്യവസായിക പുനരുദ്ധാരണം തുടങ്ങിയ വകുപ്പുകളാണ് മമത മന്ത്രിസഭയില്‍ പാര്‍ഥ ചാറ്റര്‍ജി കൈകാര്യം ചെയ്തിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →