അറസ്റ്റിലായ മന്ത്രിയെ തള്ളിപ്പറഞ്ഞ് മമത

കൊല്‍ക്കത്ത: സ്‌കൂള്‍ നിയമനക്കോഴയുമായി ബന്ധപ്പെട്ട് 20 കോടി രൂപ കണ്ടെടുത്തതിനേത്തുടര്‍ന്ന് പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ.ഡി. അറസ്റ്റ് ചെയ്ത സംഭവത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി മമതാ ബാനര്‍ജി.

അഴിമതിയേയോ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവൃത്തികളെയോ താന്‍ പിന്തുണയ്ക്കില്ലെന്ന് അവര്‍ പറഞ്ഞു. മന്ത്രി അറസ്റ്റിലായി രണ്ടുദിവസത്തിനു ശേഷമാണ് ഇക്കാര്യത്തില്‍ മമതയുടെ പ്രതികരണം. അതേസമയം, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നു ബി.ജെ.പി. കരുതേണ്ടെന്നും മമത പറഞ്ഞു.

”കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. പക്ഷേ, എനിക്കെതിരായ ദുഷ്പ്രചാരണങ്ങളെ അപലപിക്കുന്നു. സത്യം എന്തായാലും പുറത്തുവരും. അതിനു സമയമെടുക്കും”- മമത പറഞ്ഞു.

പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസമന്ത്രിയായിരിക്കേ കോഴവാങ്ങി സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. നിലവില്‍ അദ്ദേഹം വ്യവസായമന്ത്രിയാണ്. പാര്‍ത്ഥയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ഫല്‍റ്റില്‍നിന്നാണ് ഇ.ഡി. 20 കോടി രൂപയും വിദേശ കറന്‍സികളും സ്വര്‍ണാഭരണങ്ങളും പിടികൂടിയത്. കേസില്‍ അര്‍പ്പിതയും അറസ്റ്റിലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →