നീരജിനെ അഭിനന്ദിച്ച് അഞ്ജു ബോബി ജോര്‍ജ്

ബംഗളുരു: നീരജ് ചോപ്ര അഭിമുഖീകരിച്ച അതേ അവസ്ഥ താനും ഒരിക്കല്‍ കടന്നു പോയെന്നു ലോങ് ജമ്പ് ഇതിഹാസം അഞ്ജു ബോബി ജോര്‍ജ്. പാരീസ് ലോക ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുമെന്നും അഞ്ജു പറഞ്ഞു.
വെള്ളി മെഡല്‍ നേടിയ നീരജിനെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തവരില്‍ അഞ്ജു ആദ്യ സ്ഥാനക്കാരിയാണ്. നീരജിനെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ അത്ലറ്റ് എന്നാണ് ഇതിഹാസ ലോങ് ജമ്പ് താരം വിശേഷിപ്പിച്ചത്. 2003 പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി വെങ്കലം നേടിയാണ് അഞ്ജു ചരിത്രമെഴുതിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായ അഞ്ജു ബോബി ജോര്‍ജ് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ്.
ഒളിമ്പിക് സ്വര്‍ണത്തിനൊപ്പം ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡലും ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളിയും നീരജിന്റെ അക്കൗണ്ടിലെത്തി. മത്സര നിലവാരം താരതമ്യം ചെയ്താല്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഏറ്റവും കഠിനമാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നതു മഹത്തായ നേട്ടമാണ്. അതുകൊണ്ടു തന്നെ നീരജിനെ എക്കാലത്തയും മികച്ച ഇന്ത്യന്‍ താരമെന്ന് ഉറപ്പായും പറയാമെന്ന് അഞ്ജു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ നീരജ് ചോപ്രയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം