സ്വയരക്ഷക്കായി ആയുധം കൈവശം വെക്കാന്‍ അനുമതി തേടി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍

മുംബൈ: വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സ്വയരക്ഷക്കായി ആയുധം കൈവശം വെക്കാന്‍ അനുമതി തേടി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. മുംബൈ പോലീസിന് ഇതുമായി ബന്ധപ്പെട്ട് സല്‍മാന്‍ അപേക്ഷ നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസം മുന്‍പ് സല്‍മാനും പിതാവ് സലിം ഖാനും എതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു.

മുംബൈ പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍ക്കറുമായി അദ്ദേഹത്തിന്റെ ഓഫീസിലെത്തി സല്‍മാന്‍ കൂടിക്കാഴ്ച നടത്തി. വൈകിട്ട് നാലുമണിയോടെയാണ് സല്‍മാന്‍ ദക്ഷിണ മുംബൈയിലെ കമ്മീഷണര്‍ ഓഫിസില്‍ എത്തിയത്. വധഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിലാണ് ആയുധം കൈവശം വെക്കാന്‍ അനുമതി തേടി അദ്ദേഹം അപേക്ഷ നല്‍കിയത്.

അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഒരു മാസം മുന്‍പ് ലഭിച്ച ഭീഷണിക്കത്തിലുളളത്. ജൂണ്‍ അഞ്ചിന് ബാന്ദ്രയില്‍ നിന്നാണ് കത്ത് ലഭിച്ചത്. സല്‍മാന്‍ പ്രഭാത സവാരിക്ക് പോകുന്ന വഴിയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെടുത്തത്. അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയും സംഘവുമാണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്

Share
അഭിപ്രായം എഴുതാം