കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്, പൂപറിക്കാന്‍ പോകിലാമ്മ…….സംവിധായകന് സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും ചിത്രത്തിലെ ഈ ഗാനം ആലപിച്ചാണ് നഞ്ചിയമ്മ എന്ന ഗായിക വൈറലാകുന്നതും കേരളക്കരയുടെ സ്നേഹം നേടുന്നതും. ആ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മലയാളക്കരയില്‍ എത്തിച്ച് കൊണ്ടാണ് നഞ്ചിയമ്മ ആ സ്നേഹം മലയാളികളുമായി പങ്കുവയ്ക്കുന്നത്. ആദിവാസി ഇരുള വിഭാഗത്തിന്റെ ഭാഷയില്‍ നഞ്ചിയമ്മ തന്നെ എഴുതി, ഈണമിട്ട് പാടിയ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്.
അയ്യപ്പനും കോശിയിലെയും കെലക്കാത്തെ സന്ദനമരം…, ദൈവമകളേ, ആതചക്ക തുടങ്ങിയ മൂന്ന് താളവും നഞ്ചിയമ്മ അയ്യപ്പനും കോശിയും സിനിമയ്ക്ക് വേണ്ടി മാത്രമായ് ചെയ്തതാണ്. ഇതില്‍ കെലക്കാത്തെ സന്ദനമരം..ഗാനം പുറത്തിറങ്ങി ഒരു ദിവസം കൊണ്ട് ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബ്, വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി ഗാനം കണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഒരു സമയത്ത് വന്‍ ഓളം സൃഷ്ടിക്കാന്‍ ഈ പാട്ടിനും പാട്ടുകാരിക്കും സാധിച്ചിരുന്നു. ചിത്രത്തിലെ അയ്യപ്പനും കോശിയും തമ്മിലുള്ള ശത്രുതക്കും അടിപിടിക്കും ഈ ഗാനം ആക്കം കൂട്ടി. ഇതോടെ നഞ്ചിയമ്മക്കും നഞ്ചിയമ്മയുടെ പാട്ടിനും ഒരുപാട് ആരാധകരുണ്ടായി.ഒരു മകളെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കി കല്ല്യാണം കഴിപ്പിച്ചയയ്ക്കുന്നു. അതിന് ശേഷം ഒരു മകളെ തന്ന് ആ അമ്മ മരിയ്ക്കുന്നതിന്റെ വേദനയാണ് ദൈവ മകളേ എന്ന ഗാനം പറയുന്നതെന്നാണ് നഞ്ചിയമ്മ പറയുന്നത്. ചന്ദനമരമെന്ന പാട്ട് കുട്ടികള്‍ക്കുള്ള മുത്തശ്ശിയുടെ താരാട്ട് പാട്ടായാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ദിക്കിലുള്ള മരം പൂത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്ന ഗാനമാണത്. ബിജു മേനോനും പൃഥ്വിരാജും പാടിയ ആതചക്ക എന്ന ഗാനമാകട്ടെ ഒരു കളിയുടെ താളമാണ്. പാട്ടിലൂടെയുള്ള ആ മത്സരം തന്നെയാണ് ഗാനത്തിന്റെ ആവേശവും പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഗോത്ര കലാകാരന്മാരുടെ കൂട്ടായ്മയായ ആസാദ് കലാസമിതിയിലെ പ്രധാന അംഗമാണ് അവര്‍. സിനിമ അഭിനേതാവും ഗോത്ര വിഭാഗത്തിലെ കലാകാരനുമായ പഴനിിസ്വാമിയുടെ നേതൃത്വത്തിലാണ് നഞ്ചിയമ്മ പാടി തുടങ്ങിയത്. റാസി സംവിധാനം ചെയ്തു നിര്‍മിച്ച് 2017ല്‍ സംസ്ഥാന അവാര്‍ഡ് നേടിയ ‘വെളുത്ത രാത്രികള്‍’ എന്ന സിനിമയിലെ മൂന്നു പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. കൂടാതെ 2015ല്‍ സംസ്ഥാന ടെലിവിഷന്‍ ചലച്ചിത്ര അവാര്‍ഡ് നേടിയ അഗ്ഗെദ് നയാഗ എന്ന ഹൃസ്വ ചിത്രത്തിലും പാടി. 2009ല്‍ ആദിവാസിപ്പാട്ട് വിഭാഗത്തില്‍ സംസ്ഥാന ഫോക്ലോര് അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.2020 ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു
ആദ്യ സിനിമാ ഗാനം തമിഴില്‍
അട്ടപ്പാടിയാണ് നഞ്ചിയമ്മയുടെ സ്വദേശം. അയ്യപ്പനും കോശിയും സിനിമയിലൂടെയാണ് ലോകം അറിയപ്പെടുന്ന ഗായിക ആയതെങ്കിലും അവര്‍ ആദ്യം പാടിയ ഗാനം ആ ചിത്രത്തിലേതല്ല. തമിഴ് നടന് വടിവേലുവിന്റെ കാട്ടുദീവാലി എന്ന സിനിമയിലായിരുന്നു ആദ്യ ഗാനം. പക്ഷെ ചിത്രം റിലീസായില്ല. അന്ന് ആ ചിത്രം ഇറങ്ങിയെങ്കില്‍ കുറച്ച് കൂടെ നേരത്തെ നഞ്ചിയമ്മ എന്ന ഗായികയെ നമ്മുക്ക് ലഭിക്കുമായിരുന്നു.ആടുമാടുകളെ മേച്ചു കൊണ്ടുനടന്ന ആളാണ് ഞാന്‍. ഞാന്‍ തെറ്റായി പാടിയാലും ശരിയായി പാടിയാലും നിങ്ങള്‍ മനസ്സില്‍ വെക്കാതെ എന്നെ എടുക്കണം എന്നാണ് അയ്യപ്പനും കോശിയും ചിത്രത്തില്‍ പാടാനായി സംവിധായകന് സച്ചി സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത്. സച്ചി നല്കിയ പ്രോല്‍സാഹനം കൂടിയായപ്പോള്‍ നഞ്ചിയമ്മയുടെ ഏറ്റവും മികച്ച ഗാനമായി അത് മാറി. ചിത്രം ഹിറ്റായപ്പോള്‍ അഭിമുഖമെടുക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകരോട് ഏത് സിനിമക്ക് വേണ്ടിയാണ് പാടിയതെന്നോ പൃഥ്വിരാജ് ആരാണെന്നോ അറിയില്ലെന്ന് നിഷ്ങ്കളങ്കമായ ഒരു ചിരിയിലൂടെ മറുപടി നല്കിയ അവര്‍ ഇന്ന് ഗായിക എന്നതിന് ഉപരി അഭിനേത്രിയായും വളര്‍ന്നു കഴിഞ്ഞു. സ്റ്റേഷന് 5 എന്ന ചിത്രത്തിനു വേണ്ടിയാണ് നഞ്ചിയമ്മ വീണ്ടും സിനിമയ്ക്കായി പാടിയത്. നഞ്ചിയമ്മയും നടന് വിനോദ് കോവൂരും ചേര്‍ന്നു പാടിയ ‘കേലെ കേലെ കുംബ, മൂപ്പന്ക്ക് മൂന്നു കുംബ, ഞണ്ടേ തോട്ടുവക്കിലെ ഞണ്ടേല്‍ കണ്ണ് വെച്ച്…’ എന്നു തുടങ്ങുന്ന ഗാനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ലിപിയില്ല ഭാഷയുടെ താളം കാത്തുസൂക്ഷിച്ച അമ്മ
പലതാളങ്ങളും, മന്ത്രങ്ങളുമെല്ലാം ഇരുള വിഭാഗത്തിന്റെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും ഭാഗമാണ്. ലിപിയില്ലാത്ത ഭാഷയാണെങ്കിലും വാമൊഴിയായി കിട്ടിയ ഇരുള ഭാഷയില്‍ പൂര്‍വ്വികര്‍ കൈ മാറിയ പാട്ടുകള്‍ക്ക് പുറമെ നഞ്ചിയമ്മയുടെ പുതിയ പാട്ടു കെട്ടലും കൂടെ ചേര്‍ത്ത് പാരമ്പര്യത്തിന്റെ കണ്ണി മുറിയാതെ കൊണ്ടുപോവുകയാണ് ഈ അമ്മ. ഫോക്ക്ലോര്‍ പഠന വിഭാഗവുമായി ബന്ധപ്പെട്ട് ബോംബൈ, ഡല്‍ഹി എന്നിവിടങ്ങളിലുള്‍പ്പെടെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് നഞ്ചിയമ്മ. പതിനാല് ജില്ലകളിലും വിവിധ സമയങ്ങളിലായി നഞ്ചിയമ്മ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് നഞ്ചിയമ്മയ്ക്കുള്ളത്.
അഭിനയ ജീവിതം
അയ്യപ്പനും കോശിയും ചിത്രത്തിലൂടെ തന്നെ അഭിനയ ലോകത്തേക്കും കടന്ന അവര്‍ സിഗ്നേച്ചര്‍ അടക്കം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. തിരക്കേറിയ ജീവിത സാഹചര്യത്തില്‍ അനാഥത്വത്തിന്റെയും ഒറ്റപെടലിന്റെയും നേര്കാഴ്ച്ചയായ ഒരു വേഷമാണ് നഞ്ചിയമ്മ സിഗ്നേച്ചര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒരേ സമയം ചിലരുടെ അത്ഭുതത്തിനും മറ്റ് ചിലരുടെ പരിഹാസത്തിനും വളരെ ചുരുക്കം പേര്‍ക്ക് അത്താണിയുമാകുന്ന പൊട്ടിയമ്മ എന്ന കഥാപാത്രത്തെ അവര്‍ അവിസ്മരണീയമാക്കുക തന്നെ ചെയ്തു.