തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി. വിളപ്പിൽശാലയിൽ വെച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജിൻ, റിജു എന്നിവരാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ തന്നെ പരസ്യമായി ആഹ്വാനം നൽകിയിരുന്നു. കരിങ്കൊടി കാണിച്ചഎത്ര പേരെ അറസ്റ്റ് ചെയ്തു ജയിലിടും എന്നും ഷാഫി ചോദിച്ചിരുന്നു. അതേസമയം കോൺഗ്രസ് സമര ആഹ്വാനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയിരുന്നു. വൻ സുരക്ഷയിലാണ് 20/07/22 ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്ന് നിയമസഭയിലേക്ക് പോയത്.