ശ്രീലങ്കന്‍ പ്രതിസന്ധി: കേന്ദ്രത്തിന്റെ സര്‍വകക്ഷി യോഗം

ന്യൂഡല്‍ഹി: ഏതാനും ആഴ്ചകളായി തുടരുന്ന ശ്രീലങ്കന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.ഡിഎംകെ, എഐഎഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. തമിഴ്നാട്ടിലടക്കമുള്ള രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ ആശങ്ക അകറ്റാനാണ് യോഗം വിളിച്ചിരിക്കുന്നത്.യോഗത്തില്‍ ശ്രീലങ്കന്‍ പ്രതിസന്ധിയെക്കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും,ധനമന്ത്രി നിര്‍മല സീതാരാമനും വിശദീകരണം നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി ജയശങ്കറുമായും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ലങ്കയിലെ സ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സാമ്പത്തികമായി തകര്‍ന്ന ശ്രീലങ്കയിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ അയയ്ക്കാന്‍ തമിഴ്നാട് അനുമതി തേടുകയും ചെയ്തിരുന്നു. ശ്രീലങ്കയില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ട് നൂറ് ദിവസം പിന്നിട്ടിട്ടും സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണ്. ജനകീയ സര്‍ക്കാര്‍ രൂപീകരണ ആവശ്യമുന്നയിച്ച് പ്രക്ഷോഭം തുടരുകയാണ്.ഭക്ഷ്യഇന്ധന ക്ഷാമത്തിന് അടിയന്തര പരിഹാരമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സെക്രട്ടേറിയേറ്റ് മന്ദിരത്തിന് മുന്നില്‍ കസേരയിട്ടിരുന്നാണ് പ്രതിഷേധം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്

Share
അഭിപ്രായം എഴുതാം