ബാങ്കോക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനെ തകര്‍ത്തു. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ 4-0 ത്തിനാണ് യുണൈറ്റഡ് ലിവര്‍പൂളിനെ തകര്‍ത്തത്.യുണൈറ്റഡിന്റെ കോച്ച് എറിക് ടെന്‍ ഹാഗിന്റെ അരങ്ങേറ്റ മത്സരമായിരുന്നു അത്. പ്രീ സീസണ്‍ ആണെങ്കിലും ജയം യുണൈറ്റഡിന് ഒരുപാട് പ്രതീക്ഷ നല്‍കും. ജാഡന്‍ സാഞ്ചോ, ഫ്രെഡ്, ആന്റണി മാര്‍ഷ്യല്‍, ഫാകുണ്ടോ പെലിസ്ട്രി എന്നിവര്‍ യുണൈറ്റഡിന് വേണ്ടി ഗോളടിച്ചു. മാര്‍ഷ്യലിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണ് ടെന്‍ ഹാഗ് ഒരുക്കിയത്. ബ്രൂണോ ഹെര്‍ണാണ്ടസ്, മാര്‍കസ് റാഷ്ഫോഡ്, ജാഡന്‍ സാഞ്ചോ എന്നിവര്‍ പിന്നില്‍ നിന്നു. ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പെ പതിവ് 4-3-3 ഫോര്‍മേഷന്‍ തുടര്‍ന്നു. ഹെക്ടര്‍ ഇലിയറ്റ്, റോബര്‍ട്ടോ ഫിര്‍മിനോ, ലൂയിസ് ഡിയാസ് എന്നിവര്‍ മുന്നില്‍ കളിച്ചു.
ടെന്‍ ഹാഗിനെ തൃപ്തിപ്പെടുത്തി യുണൈറ്റഡ് 12-ാം മിനിറ്റില്‍ ലീഡ് നേടി.വലതു വിങ്ങില്‍ നിന്നു ഫെര്‍ണാണ്ടസ് നല്‍കിയ ക്രോസ് ലിവര്‍പൂള്‍ പ്രതിരോധം അവഗണിച്ചു. പന്ത് വീണത് സാഞ്ചോയുടെ മുന്നില്‍. കിട്ടിയ അവസരം താരം പാഴാക്കിയില്ല. 30ാം മിനിറ്റില്‍ രണ്ടാം ഗോളെത്തി. പന്ത് പിടിക്കാന്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ മുന്നിലേക്കു കയറിയ തക്കം ഫ്രെഡ് വിനിയോഗിച്ചു. അലിസണിന്റെ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്ത പന്ത് വലയിലെത്തി. 32-ാം മിനിറ്റില്‍ യുണൈറ്റഡ് മൂന്നാം ഗോ്ടിച്ചു.ലിവര്‍പൂള്‍ പ്രതിരോധക്കാരില്‍നിന്നു പന്ത് തട്ടിയെടുത്ത മാര്‍ഷ്യല്‍ ഒറ്റയ്ക്ക് കുതിച്ച് ബോക്സ് വരെ വന്ന് ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയില്‍ യുവതാരങ്ങളുമായാണ് യുണൈറ്റഡ് അണിനിരന്നത്.ലിവര്‍പൂള്‍ അവരുടെ സൂപ്പര്‍ താരങ്ങളെയും ഇറക്കി. 77-ാം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിലൂടെ ഫാകുണ്ടോ പെലിസ്ട്രി യുണൈറ്റഡിന്റെ നാലാം ഗോളടിച്ചു. അമദ് ദിയാലോ ബോക്സ് വരെ കുതിച്ച് നല്‍കിയ പന്ത് അനായാസം ലക്ഷ്യത്തിലെത്തിക്കാന്‍ പെലിസ്ട്രിക്കായി.