ഷിന്‍സോ ആബേയുടെ കൊല: കാരണം ആബെയോടുള്ള അസംതൃപ്തിയെന്ന് പ്രതി

ടോക്യോ: ഷിന്‍സോ ആബെയോടുള്ള അസംതൃപ്തിയാണ് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ പ്രേരണയായതെന്ന് അക്രമിയുടെ മൊഴി. ജപ്പാനീസ് നാവികസേനയിലെ മുന്‍ അംഗമായ ടെറ്റ്സുയ യാമഗാമി(41) എന്നയാളാണ് ആക്രമണം നടത്തിയത്. സ്വന്തമായി നിര്‍മിച്ച തോക്കുപയോഗിച്ചായിരുന്നു ആക്രമണം.

ആബെയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായിരുന്നെന്നും വധിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് വെടിയുതിര്‍ത്തതെന്നുമാണ് യമഗാമി പൊലീസിനോട് പറഞ്ഞത്. ഇയാളുതിര്‍ത്ത രണ്ടു വെടിയുണ്ടകളും ആബേയുടെ കഴുത്തില്‍ തുളച്ചുകയറുകയായിരുന്നു. 12.20 ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ ആബേ ഹൃദയാഘാതമുണ്ടായ അവസ്ഥയിലായിരുന്നുവെന്ന് നാരാ മെഡിക്കല്‍ യൂണിവേഴ്സിറ്റി വക്താക്കള്‍ അറിയിച്ചു.

മുന്‍പ്രധാനമന്ത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിന്റെ കഴുത്തിലും നെഞ്ചിലും മുറിവുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ നിന്ന് അമിതമായി രക്തം വാര്‍ന്നുപോയതാണ് മരണകാരണമായതെന്ന് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും പറയുന്നുണ്ട്. ആവശ്യമായ അളവില്‍ രക്തം നല്‍കാന്‍ മെഡിക്കല്‍ സംഘം നടത്തിയ ശ്രമങ്ങള്‍ പരാജപ്പെട്ടതിനെത്തുടര്‍ന്ന് പ്രാദേശിക സമയം 5.30 ന് മരണം സംഭവിച്ചു.

രാഷ്ട്രീയസംഘര്‍ഷങ്ങള്‍ കുറവായതിനാലും തോക്കുകളുടെ ഉപയോഗത്തില്‍ കടുത്ത നിയന്ത്രണം ഉള്ളതിനാലും ആബേയുടെ കൊലപാതകം ജപ്പാനില്‍ വലിയ നടക്കുമാണ് ഉളവാക്കിയത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം മുഴുവന്‍ സമയവും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെങ്കിലും ജനങ്ങളുമായി സ്വതന്ത്രമായി ഇടപഴകുന്ന പതിവാണ് ജപ്പാനിലെ രാഷ്ട്രീയക്കാരുടേത്.

കിഴക്കന്‍ നഗരമായ നാരായിലായിരുന്നു സംഭവം.പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ആബേ. ഇതിനിടെ പിന്നില്‍ നിന്നിരുന്ന അക്രമി അദ്ദേഹത്തിനു നേരേ നിറയൊഴിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാഭടന്‍മാര്‍ ഉടന്‍ തന്നെ അക്രമിയെ കീഴടക്കി.

Share
അഭിപ്രായം എഴുതാം