ന്യൂഡൽഹി: കായികതാരം പി.ടി.ഉഷയും സംഗീതസംവിധായകൻ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇവർക്ക് അഭിനന്ദനം അറിയിച്ചു.ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി.ടി.ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.’
എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് പി.ടി.ഉഷ. പി.ടി.ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി യുവകായികതാരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ അവർ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ച പി.ടി. ഉഷയ്ക്ക് അഭിനന്ദനങ്ങൾ’- നരേന്ദ്രമോദി കുറിച്ചു.
പി.ഉഷയ്ക്കും സംഗീതസംവിധായകനായ ഇളയരാജയ്ക്കും പുറമേ തിരക്കഥാകൃത്തും സംവിധായകനുമായ വി.വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവർത്തകനും ധർമസ്ഥല ക്ഷേത്രത്തിന്റെകാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവർക്കും നാമനിർദേശം ലഭിച്ചിട്ടുണ്ട്. രാജ്യസഭയിൽ നിലവിലുള്ള ഒഴിവുകളിലേക്കാണ് ഇവർക്ക് നാമനിർദേശം ലഭിച്ചിട്ടുള്ളത്.