തെരുവ്നായ ശല്യം രൂക്ഷം; അടിയന്തിര നടപടി വേണം: കോഴഞ്ചേരി താലൂക്ക് വികസന സമിതി

തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മഴക്കാലത്ത് പ്രകൃതി ദുരന്തം ഉണ്ടായാല്‍ അടിയന്തിരനടപടി സ്വീകരിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമാക്കണം. പത്തനംതിട്ട റിംഗ് റോഡ്, ഇടറോഡുകള്‍ എന്നിവിടങ്ങളിലെ ഇരുചക്രവാഹനങ്ങളുടെ മത്സര ഓട്ടം തടയുന്നതിന് പോലീസ് പട്രോളിംഗ് ശക്തമാക്കണം. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സിഗ്‌നല്‍ അടിയന്തിരമായി പുനസ്ഥാപിക്കണം.

പത്തനംതിട്ട ജനറല്‍ ആശുപത്രിക്കു സമീപം റോഡിന്റെ ഇരുവശങ്ങളിലെയും ഓടകളുടെ സ്ലാബുകള്‍ പൊട്ടിക്കിടക്കുന്നത് മാറ്റിസ്ഥാപിക്കണം. റിംഗ്റോഡില്‍ ഉള്‍പ്പെടെ റോഡിലേക്ക് അപകടകരമാംവിധം ചരിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റണം. മിനി സിവില്‍ സ്റ്റേഷനിലെ ടോയ്ലറ്റുകള്‍ ശുചീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തൈക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി.റ്റോജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, കേരള കോണ്‍ഗ്രസ് എം പ്രതിനിധി മാത്യു മരോട്ടിമൂട്ടില്‍, ഐയുഎംഎല്‍ പ്രതിനിധി എം. ബിസ്മില്ലാഖാന്‍, കേരള കോണ്‍ഗ്രസ് ബി പ്രതിനിധി ജോണ്‍പോള്‍ മാത്യു, തഹസീല്‍ദാര്‍ ആര്‍.കെ.സുനില്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ പി. സുനില, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം