ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിത ടീമിന് നാല് വിക്കറ്റ് ജയം

പല്ലെക്കലെ: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു നാല് വിക്കറ്റ് ജയം.മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലാണ്. ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ 171 റണ്ണിന് ഓള്‍ഔട്ടായി.മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ 72 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.മൂന്ന് വിക്കറ്റെടുക്കുകയും 41 പന്തില്‍ 22 റണ്ണുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്ത ദീപ്തി ശര്‍മയാണു മത്സരത്തിലെ താരം. ഇന്ത്യക്കു വേണ്ടി രേണുകാ സിങ് മൂന്ന് വിക്കറ്റും പൂജാ വസ്ത്രാര്‍കര്‍ രണ്ട് വിക്കറ്റുമെടുത്തു. രാജേശ്വരി ഗെയ്ക്വാദ്, നായിക ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. 63 പന്തില്‍ 43 റണ്ണെടുത്ത നിലാക്ഷി ഡി സില്‍വയാണു ലങ്കയുടെ ടോപ് സ്‌കോറര്‍.ഹസിനി പെരേര (54 പന്തില്‍ 37), ഹര്‍ഷിത സമരവിക്രമ (28), അനുഷ്‌ക സഞ്ജീവനി (18) എന്നിവരാണു സ്‌കോര്‍ മൂന്നക്കത്തിലെത്തിച്ചത്. ഇന്ത്യക്ക് ഓപ്പണര്‍ സ്മൃതി മന്ദാന (നാല്), യാസ്തിക ഭാട്ടിയ (ഒന്ന്) എന്നിവരെ തുടക്കത്തിലേ നഷ്ടപ്പെട്ടു.

ഓപ്പണര്‍ ഷഫാലി വര്‍മ (40 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമടക്കം 35), നായിക ഹര്‍മന്‍പ്രീത് കൗര്‍ (63 പന്തില്‍ 44), ഹര്‍ലീന്‍ ഡിയോള്‍ (40 പന്തില്‍ 34), ദീപ്തി ശര്‍മ, പൂജാ വസ്ത്രാര്‍കര്‍ (19 പന്തില്‍ രണ്ട് സിക്സറടക്കം പുറത്താകാതെ 21) എന്നിവര്‍ ഇന്ത്യയെ ജയത്തിലേക്കു നയിച്ചു. ലങ്കയ്ക്കു വേണ്ടി ഇനോക രണവീര നാല് വിക്കറ്റും ഓഷധി രണസിങെ രണ്ട് വിക്കറ്റുമെടുത്തു. ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ 3000 റണ്ണെടുക്കുന്ന രണ്ടാമത്തെ വനിതാ താരമെന്ന നേട്ടം കുറിക്കാന്‍ ഹര്‍മന്‍ പ്രീതിനായി. 119 ഏകദിനങ്ങളിലായി 35.60 ശരാശരിയില്‍ 3026 റണ്ണെടുക്കാന്‍ ഇന്ത്യന്‍ നായികയ്ക്കായി.നാല് സെഞ്ചുറികളും 15 അര്‍ധ സെഞ്ചുറികളും ഹര്‍മന്‍ കുറിച്ചു. മിതാലി രാജാണ് (7,805) 3000 റണ്‍ കുറിച്ച ആദ്യ ഇന്ത്യന്‍ വനിത.

Share
അഭിപ്രായം എഴുതാം