കോംഗോ: കോംഗോയില്‍ സായുധ പ്രക്ഷോഭകാരികള്‍ രണ്ടുതവണ തട്ടിക്കൊണ്ടു പോയ സ്ത്രീ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടതായും മനുഷ്യമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിതയാക്കപ്പെട്ടതായും യു.എന്‍. സംഘടനാ രക്ഷാസമിതിയില്‍ വെളിപ്പെടുത്തല്‍. കോംഗോയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അധ്യക്ഷയുമായ ജൂലിയന്‍ ലൂസിന്‍ജാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം രക്ഷാകൗണ്‍സിലിനെ അറിയിച്ചത്.തട്ടിക്കൊണ്ടു പോകപ്പെട്ട കുടുംബാംഗത്തെ രക്ഷിക്കാന്‍ മോചനദ്രവ്യവുമായി ചെന്നപ്പോഴാണ് സ്ത്രീ കലാപകാരികളുടെ പിടിയിലായതെന്ന് ലൂസിന്‍ജ് പറഞ്ഞു. തുടര്‍ന്ന് അവര്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടു. മര്‍ദിക്കപ്പെട്ടു. പിന്നീട് ഒരു പുരുഷന്റെ കഴുത്തു പിളര്‍ത്തി കുടല്‍മാല പുറത്തെടുത്ത കലാപകാരികള്‍ സ്ത്രീയോട് അത് പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ തടവിലാക്കപ്പെട്ട എല്ലാവരെയും അവര്‍ അതു കഴിപ്പിച്ചുവെന്നും സ്ത്രീ പറഞ്ഞതായാണ് ലൂസിന്‍ജ് വെളിപ്പെടുത്തിയത്.
കോംഗോയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പതിവ് അവലോകന യോഗത്തിലായിരുന്നു ദാരുണമായ ഈ വിവരം പങ്കുവയ്ക്കല്‍.ഒരു മാസമായി സര്‍ക്കാരും വിമത വിഭാഗങ്ങളും തമ്മില്‍ കോംഗോയില്‍ അതിശക്തമായ പേരാട്ടം നടക്കുകയാണ്. ഭൂരിപക്ഷം പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന വിമതര്‍ രാജ്യത്ത് കടുത്ത അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. കോംഗോയിലെ ധാതുസമ്പത്ത് പിടിച്ചടക്കാന്‍ പതിറ്റാണ്ടുകളായി ശ്രമം നടത്തുന്ന സായുധവിഭാഗങ്ങളില്‍ കെഡേക്കോ വിഭാഗത്തിലുള്ളവരാണ് സ്ത്രീയെ ആദ്യം തടവിലാക്കിയതെന്നാണു റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുശേഷം വിട്ടയക്കപ്പെട്ട അവര്‍ വീട്ടിലേക്കു തിരിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വിമതവിഭാഗത്തിന്റെ പിടിയിലായി.അവിടെയും അവര്‍ ബലാത്സംഗത്തിന് ഇരയാവുകയും മനുഷ്യമാംസം കഴിക്കാന്‍ നിര്‍ബന്ധിതയാകുകയും ചെയ്തു. രക്ഷപ്പെട്ട അവര്‍ ലൂസിന്‍ജിന്റെ നേതൃത്വത്തിലുള്ള ഫീമെയില്‍ സോളിഡാരിറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന സംഘടനയ്ക്ക് വിവരങ്ങള്‍ നല്‍കുകയായിരുന്നു.