കാപ്പിറ്റോള്‍ കലാപത്തിനൊപ്പം ചേരാന്‍ ട്രംപ് ഒരുങ്ങിയെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ അനുയായികള്‍ കാപ്പിറ്റോളില്‍ നടത്തിയ കലാപത്തിനൊപ്പം ചേരാന്‍ ഡോണള്‍ഡ് ട്രംപും ആഗ്രഹിച്ചതായി വെളിപ്പെടുത്തല്‍. അവിടേക്ക് പോകാനായി പ്രസിഡന്റിന്റെ വാഹനത്തിന്റെ സ്റ്റിയറിങ്‌ കൈക്കലാക്കാന്‍ ട്രംപ് ശ്രമിച്ചെന്നും വൈറ്റ്ഹൗസിലെ അദ്ദേഹത്തിന്റെ മുന്‍ സഹായി കാസിഡി ഹച്ചിന്‍സണ്‍ പറഞ്ഞു.

2012 ജനുവരി ആറിന് നടന്ന കലാപത്തെക്കുറിച്ചു പ്രതിനിധിസഭയ്ക്ക് മുമ്പാകെയാണ് ഹച്ചിന്‍സണ്‍ വെളിപ്പെടുത്തല്‍ നടത്തിയത്. വൈറ്റ്ഹൗസിന് മുമ്പില്‍ തടിച്ചു കൂടിയ അനുയായികളില്‍ ചിലരുടെ കൈയില്‍ തോക്കുകളുണ്ടെന്ന് പറഞ്ഞപ്പോള്‍ അവരെ പരിശോധിക്കാതെ കടത്തിവിടണമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അവര്‍ തന്നെ ഉപദ്രവിക്കാന്‍ വന്നവരല്ലെന്ന് ട്രംപ് പറഞ്ഞെന്നും ഹച്ചിന്‍സണ്‍ പറഞ്ഞു.

ജോ ബൈഡന്റെ വിജയം അംഗീകരിക്കാനായി കാപ്പിറ്റോളില്‍ യു.എസ്. കോണ്‍ഗ്രസ് ചേരുന്നതിനിടെയായിരുന്നു ട്രംപ് അനുയായികളുടെ അഴിഞ്ഞാട്ടം. അനുയായികള്‍ക്കൊപ്പം ചേരാതെ വൈറ്റ്ഹൗസിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരോട് ട്രംപ് ക്ഷുഭിതനായി. ”ഞാനാണ് പ്രസിഡന്റ്. എന്നെ ഇപ്പോള്‍ തന്നെ കാപ്പിറ്റോളിലേക്ക് കൊണ്ടുപോകണം.”-ട്രംപ് പറഞ്ഞതായി സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹച്ചിന്‍സണ്‍ വെളിപ്പെടുത്തി. പിന്‍സീറ്റില്‍ നിന്ന് വാഹനത്തിന്റെ സ്റ്റിയറിങ്ങില്‍ കടന്നു പിടിക്കാനും ശ്രമിച്ചു. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച ട്രംപ് എല്ലാം കെട്ടുകഥയാണെന്ന് പറഞ്ഞു.

Share
അഭിപ്രായം എഴുതാം