നെന്മാറ: നെല്ലിയാമ്പതി ചുരം റോഡില്‍ മരങ്ങള്‍ കടപുഴകിവീണ് ഗതാഗതം സ്‌തംഭിച്ചു. രാത്രിയില്‍ ഉണ്ടായ മഴയിലാണ് മരങ്ങള്‍ മറിഞ്ഞു വീണത്. പാതയോരത്തുനിന്നിരുന്ന കൂറ്റന്‍ കരിവാകമരം സമീപത്തുളള മറ്റുരണ്ട് മരങ്ങള്‍ക്കുമുകളിലൂടെ മറിഞ്ഞ് മൂന്നു മരങ്ങളും റോഡിലേക്ക് പതിക്കുകയായിരുന്നു. കുണ്ടാര്‍ ചോലക്കും പോത്തുണ്ടി ചെക്ക് പോസറ്റിനും ഇടയിലുളള സ്ഥലത്താണ് മരങ്ങള്‍ കടപുഴകിയത്. രാവിലെ 5.30ന് നെന്മാറയില്‍ നിന്നും പുറപ്പെട്ട കെ.എസ്‌ആര്‍ടിസി ബസ് വഴിയില്‍കുടുങ്ങി .
മൊബൈല്‍ റേഞ്ച് കുറവായതിനാല്‍ ഏഴുമണിയോടെയാണ് പോത്തുണ്ടി ചെക്ക്‌പോസ്‌റ്റ് അധികൃതരെ വിവരം അറിയിക്കാന്‍ കഴിഞ്ഞത്. കൊല്ലങ്കോടു നിന്ന് അഗ്നിരക്ഷാസേന അധികൃതരെത്തി മരങ്ങള്‍ മുറിച്ചുമാറ്റി. രാവിലെ 8 മണിക്ക് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. കൊല്ലങ്കോട് അഗ്നിരക്ഷാ സേനയിലെ അസി.സ്‌റ്റേഷന്‍ ഓഫീസര്‍ രമേഷിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ കൃഷ്‌ണരാജ്, രതീഷ്, ഗുരുവായൂരപ്പന്‍, രാജീവ് എന്നിവരും നെല്ലിയാമ്പതിയിലേക്കുളള തൊഴിലാളികലും യാത്രക്കാരും ചേര്‍ന്നാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.