തിരുവനന്തപുരം: സ്വർണ്ണക്കടത്തും, വീണാ വിജയൻ ഉൾപ്പെട്ട പിഡബ്ല്യുസി വിവാദവും കടുപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. വിഷയം ചർച്ചയാക്കുന്നതിന് ആദ്യപടിയായി മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞെന്നാണ് പ്രതിപക്ഷ വാദം. രഹസ്യ ചർച്ചകൾക്ക് പോയെന്ന സ്വപ്നസുരേഷിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മെന്റർ വിവാദത്തിൽ ആരാണ് പച്ചക്കള്ളം പറഞ്ഞതെന്ന ചർച്ച മുറുകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ നീക്കം.
പച്ചക്കള്ളമെന്ന് ആക്ഷേപിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞ ആരോപണങ്ങൾക്ക് പിൻബലമായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽ നാടൻ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയും, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക്ക് ബാലകുമാർ മെൻററെപോലെയാണെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാ ലോജിക് സൊല്യൂഷൻസ് വെബ്സൈറ്റിൽ കുറിച്ചിരുന്നുവെന്ന് 28/06/22 ചൊവ്വാഴ്ച കുഴൽനാടൻ നിയമസഭയിലെ ആരോപിച്ചിരുന്നു. അസംബന്ധ ആരോപണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷോഭത്തോടെയുള്ള പ്രതികരണം.
തുടർന്ന്, ജെയ്ക്ക് ബാലകുമാർ എക്സാലോജിക്ക് സ്ഥാപകർക്ക് മെന്റർ ആണെന്ന് പരാമർശിക്കുന്ന രേഖ വെബ് ആർക്കൈവ്സിൽ നിന്ന് വീണ്ടെടുത്ത് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ഹാജരാക്കി. തെറ്റാണെങ്കിൽ തന്നെ പ്രതിയാക്കി കേസെടുക്കാൻ വെല്ലുവിളിച്ചു.
ജെയ്ക്ക് കമ്പനിയുടെ മെന്റർ ആണെന്ന കുറിപ്പ് സൈറ്റിൽ നിന്ന് 2020 മേയ് 20 നുശേഷം അപ്രത്യക്ഷമായെന്നും 2020 ജൂൺ 20ന് സൈറ്റ് വീണ്ടും ലഭ്യമായപ്പോൾ അതിൽ കുറിപ്പ് ഉണ്ടായിരുന്നില്ലെന്നും കുഴൽ നാടൻ ആവർത്തിച്ചു. ലഭ്യമായ രേഖകൾ പ്രകാരം എക്സാലോജിക്കിന്റെ ഏക സ്ഥാപക മുഖ്യമന്ത്രിയുടെ മകളാണ്. കമ്പനി നോമിനി മുഖ്യമന്ത്രിയുടെ ഭാര്യയും. മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത് സംശയമുണർത്തുന്നു എന്ന് കുഴൽ നാടൻ പറഞ്ഞു. യുഎഇയിൽ ആയിരുന്നപ്പോൾ കേരളത്തിൽ നിന്നും മുഖ്യമന്ത്രിക്ക് വേണ്ടി ഒരു ബാഗ് നയതന്ത്ര ചാനൽ വഴി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കണമെന്ന ആവശ്യവും കുഴൽനാടൻ ആവർത്തിച്ചു.
ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ക്ക് ബാലകുമാർ ലോകത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങ ളിൽ ഒന്നിലെ ടെക്നോളജി സ്ട്രാറ്റജി ഡയറക്ടർ ആണ് . എക്സാ ലോജിക്കുമായുള ഇടപെടൽ വളരെ വ്യക്തിപരമായ തലത്തിലാണ്. വ്യവസായ മേഖലയുടെ വിവിധ വശങ്ങളെ കുറിച്ചുള്ള അറിവ് ഉപയോഗിച്ച് അദ്ദേഹം സ്ഥാപകർക്ക് മാർഗ്ഗനിർദേശം നൽകുകയും വഴികാട്ടുകയും ചെയ്യുന്നു കുഴല്‍ നാടന്‍ വെബ്സൈറ്റില്‍ പരാമര്‍ശിച്ചത്.

