പല്ലോന്‍ജി മിസ്ത്രിയ്ക്ക് വിട

മുംബൈ: പ്രമുഖ വ്യവസായിയും ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് മേധാവിയുമായ പല്ലോന്‍ജി മിസ്ത്രി അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് രാജ്യത്തെ വന്‍കിട ബിസിനസ് സ്ഥാപനങ്ങളിലാന്നാണ്.

ഗുജറാത്തിലെ പാഴ്സി കുടുംബത്തില്‍ ജനിച്ച അദ്ദേഹം 2003 ല്‍ ഐറിഷ് പൗരത്വം സ്വീകരിക്കാനായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2016 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ സ്വകാര്യ ഓഹരി ഉടമയാണ് പല്ലോന്‍ജി മിസ്ത്രി. ഫോബ്സിന്റെ കണക്കുകള്‍ അനുസരിച്ച് 28.0 ശതകോടി ഡോളറിന്റെ ആസ്തിയുണ്ട്. ലോക സമ്പന്നരില്‍ 143 ാം സ്ഥാനം.

1865-ല്‍ സ്ഥാപിതമായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് എന്‍ജിനീയറിങ്, നിര്‍മ്മാണം, അടിസ്ഥാന സൗകര്യങ്ങള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. മൂത്തമകന്‍ ഷപൂര്‍ജി മിസ്ത്രി, ഷാപൂര്‍ജി പല്ലോന്‍ജി ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനാണ്. ഇളയ മകന്‍ സൈറസ് മിസ്ത്രി 2012- നും 2016- നും ഇടയില്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായിരുന്നു. രത്തന്‍ ടാറ്റയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നു പിന്നീട് പുറത്താകുകയായിരുന്നു. ടാറ്റ കുടുംബത്തിനു പുറത്തുനിന്നു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ തലപ്പത്ത് എത്തുന്ന ആദ്യ വ്യക്തിയായിരുന്നു സൈറസ്. അദ്ദേഹത്തിന്റെ കുടുംബം ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളില്‍ ഒരാളുമായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യയിലെ സിറ്റി ബാങ്ക് ആസ്ഥാനം, സെയില്‍ സ്റ്റീല്‍ പ്ലാന്റ്, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം എന്നിവയുള്‍പ്പെടെ നിരവധി ചരിത്ര നിര്‍മിതികള്‍ക്കു പിന്നില്‍ ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പാണ്.ലൈല മിസ്ത്രി, ആലൂ മിസ്ത്രി എന്നിവരാണു മറ്റുമക്കള്‍. ഇളയ മകള്‍ ആലൂ, രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനായ നോയലിന്റെ ഭാര്യയാണ്.

Share
അഭിപ്രായം എഴുതാം