ഒരു മലയാളി തുടങ്ങിവച്ചു; അസാധാരണ ജുഡീഷ്യല്‍ ഇടപെടലുകള്‍, ഒടുവില്‍ ബഫര്‍സോണ്‍ വിധി

വന്യജീവി സങ്കേതങ്ങളുടെ ചുറ്റളവില്‍ ആകാശദൂരത്തില്‍ ഒരു കിലോമീറ്റര്‍ പ്രദേശം വനമാക്കി മാറ്റിക്കൊണ്ട് ബഫര്‍സോണ്‍ രൂപീകരിക്കാനുള്ള സുപ്രീംകോടതി വിധി അസാധാരണമായ ജുഡീഷ്യല്‍ ഇടപെടലുകളുടെ പരമ്പരകള്‍ക്ക് ശേഷമാണ് ഉണ്ടായിരിക്കുന്നത്.

എല്ലാറ്റിന്റേയും തുടക്കം മലയാളിയായ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാടില്‍ നിന്നാണ്. നിലമ്പൂര്‍ കോവിലകത്തെ ഒരംഗമായ അദ്ദേഹം 1995-ല്‍ 202/1995 നമ്പറായി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയുടെ പരിണാമം വിസ്മയകരമാണ്. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ സമാനമായ മറ്റൊന്നില്ല.


നിലമ്പൂര്‍ കോവിലകം വകയായി നീലഗിരിയിലെ ഗൂഢല്ലൂര്‍ മേഖലയില്‍ വനഭൂമി ഉണ്ടായിരുന്നു. ഗൂഢല്ലൂര്‍ ജന്മം എസ്റ്റേറ്റ് ആക്ട് 1969 പ്രകാരം അത് സര്‍ക്കാര്‍ ഏറ്റെടുത്തു. ഏറ്റെടുത്ത ഭൂമിയുടെ ഗൂഢല്ലൂര്‍ മേഖലയില്‍, സര്‍ക്കാര്‍ അനുമതിയോടെ മരങ്ങള്‍ മുറിച്ചു കടത്താന്‍ ആരംഭിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാടിന്റെ നാശം തടയാനാണ് ടി.എന്‍. ഗോദവര്‍മ്മന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഗൂഢല്ലൂരിനെപ്പറ്റിയുള്ള വിധി രാജ്യത്ത് മുഴുവനും ബാധകമാക്കി

ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വൈകാതെ 1996 ഡിസംബര്‍ 12ന് ഇടക്കാല ഉത്തരവ് വന്നു. ജസ്റ്റിസ് ജെ.എസ്. വര്‍മയുടെ ബഞ്ചാണ് വിധി പറഞ്ഞത്. ഗൂഢല്ലൂരിലെ മരം മുറിക്കലും വനേതര പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനായിരുന്നു ഉത്തരവ്. മാത്രമല്ല രാജ്യത്ത് മുഴുവനും ഇത്തരം കാര്യങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. സ്വാഭാവിക വനം മുഴുവനും സംരക്ഷിക്കാന്‍ കോടതി ഇടപെട്ടു. ഈ ഇടപെടലിന് സാധൂകരണം ധാരാളമായിരുന്നു.

നൂറ്റാണ്ടുകളിലൂടെ ജനങ്ങള്‍ സംരക്ഷിച്ചു വന്ന സ്വാഭാവിക വനം ഫോറസ്റ്റ് ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയനേതൃത്വവും ചേര്‍ന്ന് കുടുംബസ്വത്തു പോലെ വെട്ടി വില്‍ക്കുകയായിരുന്നു. തേക്ക് തോട്ടം ഉണ്ടാക്കി വെട്ടിയെടുക്കുന്ന പോലെ, പണമുണ്ടാക്കാനായി സ്വാഭാവിക വനം നശിപ്പിക്കുന്നത് സാധാരണ കാഴ്ചയായിരുന്നു അന്ന്.

Read More : എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനകളുടെ വരുമാനം തന്നെ ഈ വിധത്തിലായിരുന്നു. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ ലംഘനം ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകളും വ്യക്തികളും ഗോദവര്‍മ്മന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ കൂടുതല്‍ അപേക്ഷകള്‍ നല്‍കി കക്ഷി ചേർന്നു. അതോടെ ഗോദവര്‍മ്മന്‍ കേസിന്റെ ഉത്തരവുകളുടെ പിന്‍ബലം പുതിയ അപേക്ഷകളിലും ലഭിച്ചു.

വനസംരക്ഷണത്തിനു വേണ്ടിയുള്ള പരാതികളിൽ സുപ്രീം കോടതിയുടെ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും വേഗത്തില്‍ ലഭിക്കുന്ന ജാലകമായി ഗോദവര്‍മ്മന്‍ കേസ് മാറി. ആയിരക്കണക്കിന് പെറ്റീഷനുകളാണ് ഈ കേസില്‍ അനുബന്ധമായി എത്തിയതും വിധിച്ചതും. ഗ്രീന്‍ ട്രൈബ്യൂണല്‍ പാരിസ്ഥിതിക നിയമങ്ങളുടെ സംരക്ഷണത്തിനുള്ള പ്രത്യേക കോടതിയാണെന്നപോലെ, വനസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ക്കുള്ള പ്രത്യേക ഇടമായി ഗോദവര്‍മ്മന്‍ കേസ് മാറി. പൊതുതാല്‍പര്യഹര്‍ജി ആയതിനാല്‍ അതേ നിയമ അടിത്തറയുള്ള ഏതു പരാതിയിലും ഈ കേസിന്റെ വിധികളും പിന്തുടരപ്പെട്ടു.

വനസംരക്ഷണം,ഖനനം, മരംവെട്ട്, വനം കയ്യേറ്റം, വന്യജീവി സങ്കേതങ്ങള്‍ ഉണ്ടാക്കല്‍ ഇങ്ങനെ വിപുലമായ തലങ്ങളിലേക്ക് ഈ കേസിന്റെ വ്യാപ്തി വർധിച്ചു. പരാതികള്‍ പെരുകി. സാങ്കേതിക വിഷയങ്ങളും അധികമായി. അതെല്ലാം കൈകാര്യം ചെയ്യാന്‍ വിദഗ്ധരുടെ സഹായം കോടതിക്ക് ആവശ്യമായി.

കോടതിക്കും സര്‍ക്കാരിനും ഇടയില്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി വരുന്നു.

2002 മെയ് മാസത്തില്‍ സുപ്രീംകോടതി സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി എന്ന സംവിധാനം ഉണ്ടാക്കി. വനം-വന്യജീവിസംരക്ഷണവുമായി വരുന്ന പരാതികള്‍ പരിശോധിക്കുക, അന്വേഷിക്കുക, അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ശിപാര്‍ശ ചെയ്യുക ഇവയായിരുന്നു കമ്മിറ്റിയുടെ ചുമതല.

കോടതിക്ക് ഇത്തരം സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ അധികാരമുണ്ട്. അമിക്കസ്‌ക്യൂറിയെ നിയമിക്കുന്നതും ഇതേ തരത്തിലുള്ള നടപടിയാണ്. ഗോദവര്‍മ്മന്‍ കേസിന്റെ തുടക്കത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വനസംരക്ഷണ സ്ഥിതി അന്വേഷിക്കുവാന്‍ അമിക്കസ്‌ക്യൂറിയായി ഹരീഷ് സാല്‍വെ എന്ന അഭിഭാഷകനെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ 2002 ആയപ്പോള്‍ പ്രത്യേക കമ്മിറ്റിയെ തന്നെ കോടതി സൃഷ്ടിച്ചു. അതേവര്‍ഷം സെപ്റ്റംബറില്‍ ഈ കമ്മിറ്റിയെ വനം പരിസ്ഥിതി മന്ത്രാലയത്തിനുള്ളില്‍ സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിയാക്കി മാറ്റി. ഈ വിഷയമേഖലയിലുള്ള പരാതികള്‍ നല്‍കേണ്ടത് ഈ കമ്മിറ്റിക്ക് ആയി. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശിപാര്‍ശകളും പരിശോധിച്ച് വിധി പറയുകയാമാണ് സുപ്രീം കോടതി ചെയ്യുന്നത്.

സര്‍ക്കാര്‍ തീരുമാനങ്ങളെ പറ്റിയുള്ള പരാതികള്‍ പോലും ഈ വിധത്തില്‍ പരിശോധിക്കപ്പെട്ടു. അതോടെ സര്‍ക്കാര്‍ നടപടികളെ നിയന്ത്രിക്കാനുള്ള വഴിയായി ഈ സംവിധാനത്തെ ചില പരിസ്ഥിതിസംഘടനകള്‍ വിനിയോഗിച്ചു തുടങ്ങി.

പരാതിക്കാരന്‍ മരിച്ചിട്ടും പരാതി മരിച്ചില്ല.

2016 ജൂണ്‍ ഒന്നിന് 86-ാം വയസ്സില്‍ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് അന്തരിച്ചു. എന്നാല്‍ ആ കേസ് പൊതു താല്‍പര്യപ്രകാരം ആയതിനാല്‍ പരാതിക്കാരന്റെ മരണത്തോടെ കേസിന് അവസാനമാകുന്നില്ല എന്നും പൊതുതാല്‍പര്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്നും കോടതി വിധിച്ചു. അതോടെ ആ കേസും അനുബന്മാധമായി വന്ന പരാതികളും വിധികളും മാത്രമല്ല, കേസുകൾ കേൾക്കുന്നതിനും അന്വേഷിക്കുന്നതിനും ശിപാർശ നൽകുന്നതിനും ചുമതലപെടുത്തിയ CEC-യും തുടര്‍ന്നു. ഇനിയും തുടരുകയും ചെയ്യും.

കുറേ പരാതികള്‍ രാജസ്ഥാനിലെ ജാമുവ രാംഗ്രഹ് വന്യജീവികേന്ദ്രത്തെ പറ്റിയായിരുന്നു. 300 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വന്യജീവി കേന്ദ്രം ഇപ്പോഴും മാര്‍ബിള്‍ ഖനന മേഖലയാണ്. സർക്കാർ, രാഷ്ട്രീയക്കാര്‍, വനംവകുപ്പ്, ഖനനക്കാർ ഇവരുള്‍പ്പെട്ട ലോബി ഒരു വശത്തും പരിസ്ഥിതി സംഘടനകളും മറ്റു പരാതിക്കാരും മറു പുറത്തുമായിട്ടായിരുന്നു കേസ് നടന്നത്.

രാജസ്ഥാനിലെ വിധി

2022 ജൂണ്‍ മൂന്നിന് മൂന്നംഗ ബഞ്ചിന്റെ അന്തിമ വിധി വന്നു. ജാമുവ വന്യജീവി സങ്കേതത്തിലെ ഖനനങ്ങള്‍ നിര്‍ത്തണം. ഉണ്ടാക്കിയ കുഴപ്പങ്ങള്‍ക്ക് നഷ്ടപരിഹാരം ചെയ്യണം. നേരത്തെ ലഭിച്ച ലൈസന്‍സ് പ്രകാരം നിരോധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും നടന്നു വരുന്നുണ്ടെങ്കില്‍ അത് 500 മീറ്റര്‍ പരിധിവരെ നടത്താം. പുതിയ അനുമതികള്‍ ഒരു കിലോമീറ്ററിന് പുറത്തു മതി. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇത്തരത്തില്‍ വിധിക്കുന്നത്- വിധിയുടെ ചുരുക്കം ഇങ്ങനെയാണ്.

രാജസ്ഥാൻ കാഴ്ച : രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, ഖനനക്കാർ എന്നിവരുടെ പാപങ്ങൾക്ക് കേരളത്തിലുള്ളവർ പാപപരിഹാരം ചെയ്യേണ്ട ഗതികേട്

ഇന്ത്യയിലെ മറ്റെല്ലാ വന്യജീവി കേന്ദ്രങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ബഫര്‍സോണ്‍ ഒരു കിലോമീറ്റര്‍ ആയിരിക്കുമെന്നും ഈ കേസിൽ തുടർന്ന് വിധിച്ചു. അതിലും കൂടുതല്‍ പ്രദേശം വേണം എന്ന് പരാതി ഉണ്ടായാല്‍ പരിശോധിച്ച് CECക്ക് ശിപാര്‍ശ ചെയ്യാം. ആവശ്യമെങ്കില്‍ കൂടുതല്‍ കിലോമീറ്റര്‍ പ്രദേശം വനമാക്കി ഏറ്റെടുക്കാം. ഈ ഏറ്റെടുക്കലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവും ഒരു സുപ്രീം കോടതി വിധിയും മാനദണ്ഡമായി പിന്നിൽ ഉള്ളത് വിധിന്യായത്തിൽ സൂചിപ്പിച്ചു.

ബഫര്‍സോണ്‍ 10 കിലോമീറ്റര്‍ വരെ എന്ന് കേന്ദ്രം തീരുമാനിച്ചിരുന്നു.

27-05-2005-ല്‍ കേന്ദ്ര വനം മന്ത്രാലയം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. CEC യുടെ ഇടപെടലിനെ തുടര്‍ന്ന് ആയിരുന്നു അത്. വന്യജീവി കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി ചുറ്റും പത്തു കിലോമീറ്റര്‍ പ്രദേശം ബഫര്‍സോണായ വനഭൂമിയാക്കി മാറ്റാം എന്നായിരുന്നു അതിന്റെ കാതല്‍. ഈ വിജ്ഞാപനത്തെ പറ്റി സംസ്ഥാനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം അനുവദിച്ചു എന്നും ആരും അതില്‍ മറുപടി നല്‍കിയില്ല എന്നുമാണ് കാണുന്നത്. ആ വിജ്ഞാപനത്തെ അവലംബിക്കാമെന്ന് കോടതി പറയുന്നു.

ജനങ്ങളോട് ആർക്കാണ് ഉത്തരവാദിത്വം! സംസ്ഥാനങ്ങൾ മിണ്ടിയില്ല. കേന്ദ്രവിജ്ഞാപനം നിലവിൽ വന്നു!! ഇപ്പോൾ കോടതിവിധിയും !!!

ഖനനം ഉണ്ടാക്കുന്ന നാശങ്ങള്‍ ചൂണ്ടിക്കാട്ടി ഗോവ ഫൗണ്ടേഷന്‍ നല്‍കിയ കേസില്‍ ബഫര്‍സോണ്‍ 10 കിലോമീറ്റര്‍ വരെ ആകാമെന്ന് കോടതി മുമ്പ് പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല, 2011 ഫെബ്രുവരി 9 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ സംരക്ഷിത മേഖലയ്ക്ക് ചുറ്റും പത്തു കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ ആക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന്റെ എല്ലാം പശ്ചാത്തലത്തില്‍ കൂടുതല്‍ പരിധിയില്‍ ബഫര്‍സോണ്‍ വേണമെന്ന് ആവശ്യപ്പെട്ടാൽ അതും പരിഗണിക്കുമെന്നാണ് വിധി വ്യക്തമാക്കിയിരിക്കുന്നത്.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ആണ് ബഫര്‍സോണ്‍ ഉണ്ടാക്കുന്നത്. ആ നിയമത്തിലെ സെക്ഷന്‍ 18, 26A, 35 എന്നിവയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വരുന്ന ബഫര്‍സോണ്‍ സംരക്ഷിത പ്രദേശത്തിന്റെ തന്നെ ഭാഗമാണ്. വന്യജീവികേന്ദ്രവുമാണ്. അതില്‍നിന്ന് ബഫർസോണിനെ പിന്നീടൊരിക്കലും വേര്‍പെടുത്താനാവില്ല. അവിടെ ജനവാസം ഉണ്ടായിരുന്നാല്‍ പോലും അവര്‍ക്ക് മറ്റ് നിയമപരിരക്ഷകള്‍ ലഭിക്കില്ല. വന്യജീവികേന്ദ്രം വന്യജീവികള്‍ക്ക് മാത്രമുള്ളതാണ്. മനുഷ്യര്‍ക്കുള്ളതല്ല. ഇന്നല്ലെങ്കില്‍ നാളെ 10 കിലോമീറ്റര്‍ ആയി ബഫര്‍സോണ്‍ മാറും.

ഇപ്പോള്‍ ഒരു കിലോമീറ്റര്‍ തന്നെ വേണം. അതിശക്തമായ പൊതുജന താല്‍പര്യങ്ങള്‍ ഉണ്ടെങ്കില്‍ എന്തെങ്കിലും ഇളവ് ഒരു കിലോമീറ്ററിന്റെ കാര്യത്തില്‍ പരിഗണിക്കാൻ CECയോട് വിധിന്യായം നിര്‍ദ്ദേശിക്കുന്നു. CECയുടെ ശിപാര്‍ശ ഉണ്ടെങ്കിലേ ആ ആനുകൂല്യവും ലഭിക്കുകയുള്ളൂ എന്നും വിധിയെ വ്യാഖ്യാനിക്കാം.

കേരളത്തിലെ സ്ഥിതി അറിയാതെയുള്ള വിധി

വിധിന്യായം രാജസ്ഥാനിലെ വന്യജീവി കേന്ദ്രത്തെ പറ്റിയുള്ളത്. പക്ഷേ, ബാധകമാക്കിയിരിക്കുന്നത് രാജ്യത്തിന് മുഴുവനുമാണ്. നിയമം രാജ്യത്തിനു മുഴുവനും ഒരുപോലെ ബാധകമാണ് എങ്കിലും, സാഹചര്യം, യാഥാര്‍ത്ഥ്യം ഇവ രാജ്യത്ത് മുഴുവനും ഒന്നല്ല. ഈ വിധിന്യായത്തിൽ പറയുന്ന രാജസ്ഥാൻ, ഗോവ കേസുകൾ വന്‍തോതിലുള്ള ഖനനവുമായി ബന്ധപ്പെട്ടതാണ്. അതുമൂലം വന്യജീവി കേന്ദ്രത്തിനുണ്ടായ ഭീഷണിയും അതിനുള്ള പരിഹാരവുമാണ് വിധിയുടെ ലക്ഷ്യം.

കേരള ഹൈക്കോടതിയോട് ചേർന്ന് മംഗളവനം ആരംഭിക്കുന്നു. കൊച്ചിയും ബഫർസോണിൽ

എന്നാല്‍ കേരളത്തിലെ സ്ഥിതിയും സാഹചര്യവും അങ്ങനെയല്ല. ഭൂവിസ്തൃതിയുടെ 30 ശതമാനവും നിബിഡവനമാണ്. 60 ശതമാനം ഭൂമിയും പച്ചപ്പ് ചൂടിയതാണ്. സംരക്ഷിത വനത്തിനടുത്ത് ഖനനങ്ങള്‍ ഇല്ല. ഖനന വ്യവസായം തന്നെ കാര്യമായി സംസ്ഥാനത്ത് ഇല്ല. പാറപൊട്ടിക്കല്‍ നിയന്ത്രിതമാണ്. സംരക്ഷിതകേന്ദ്രങ്ങളില്ലാം ജന്തു-സസ്യ ജനുസ്സുകള്‍ വര്‍ദ്ധിക്കുന്നു എന്ന് വനം വകുപ്പ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിശക്തമായ പൊതുതാല്‍പര്യം കേരളത്തിലുണ്ട്. ജനസാന്ദ്രമായ കേരളത്തില്‍ ബഫര്‍സോണ്‍ വനം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പട്ടണങ്ങളും ഗ്രാമങ്ങളും അതിൽപ്പെടും. ലക്ഷക്കണക്കിനാളുകളുടെ സര്‍വ്വവിധ ജീവിതവൃത്തികളും നിലയ്ക്കുകയോ പ്രതിസന്ധിയിലാവുകയോ ചെയ്യും.

ഈ വിധത്തില്‍ ജീവിതം വഴിമുട്ടിയവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാതെ വന്നതാണ് വിധി. കേസില്‍ ഇനി അതെല്ലാം അവതരിപ്പിക്കാൻ അവസരമില്ല. CEC എന്ന സംവിധാനത്തില്‍ സര്‍ക്കാരിന് പറയാനുള്ളത് പറയാം. അവര്‍ ശിപാര്‍ശ ചെയ്യുന്നത് കോടതി സ്വീകരിക്കും. അതാണ് വിധി വായിക്കുമ്പോള്‍ മനസ്സിലാകുന്നത്.

എവിടെയാണ് കേരളം എത്തിനിൽക്കുന്നത്?

ജനവാസ മേഖലകളെ വനം കയ്യേറി സ്വന്തമാക്കുന്നതാണ് കാഴ്ച. നിയന്ത്രണങ്ങളും ഗതികേടുകളും കൊണ്ട് പൊറുതിമുട്ടിയവരുടെ കൂട്ട പലായനത്തിന്റെ നാളുകൾ വരാനിരിക്കുന്നു. വന്യജീവികൾക്കും വന്യജീവി കേന്ദ്രത്തിനും ഭീഷണി സൃഷ്ടിക്കുന്നവരെ മാത്രമേ കോടതി കണ്ടതുള്ളൂ.

സുൽത്താൻ ബത്തേരി: വനമാക്കപ്പെടുന്ന പട്ടണങ്ങളിലൊന്ന്

ഒരു ദ്രോഹവും ചെയ്യാതെ കൃഷിയും കച്ചവടവും തൊഴിലും ചെയ്ത് തലമുറകളായി ജീവിച്ചവരുടെ അവകാശങ്ങൾ അറിഞ്ഞില്ല. ആരും അറിയിച്ചില്ല. അതുകൊണ്ട് അത് ചിത്രത്തിൽ ഇല്ലാതെപോയി. വിധി നടപ്പാക്കാൻ 2022 സെപ്റ്റംബർ 3 വരെ സമയമാണ് നൽകിയിരിക്കുന്നത്. പ്രതിഷേധങ്ങൾ ശക്തിപ്പെടുകയാണ്. പക്ഷേ നിയമപരവും അതേസമയം ജീവിതം വഴിമുട്ടുന്നവരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചും ഉള്ള പരിഹാരം എന്തെന്ന് ആർക്കും വ്യക്തത ഇല്ല

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

അറിയിപ്പ്

കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.

ലിങ്ക്: https://samadarsi.online/petition/user/admin/-

Share
അഭിപ്രായം എഴുതാം