പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതിയിൽ വൻ തട്ടിപ്പ്

കാസർകോട്: കാസർകോട്ടെ കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിൽ പശു വിതരണ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതിയിലാണ് തട്ടിപ്പ്. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇൻസ്‍പെക്ടർ ബിനു മോൻ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പശുവിന്റെ വിലയുടെ പകുതിയോ പരമാവധി 30,000 രൂപയോ ആണ് ഒരാൾക്ക് സബ്സിഡി ലഭിക്കുക. എന്നാൽ സബ്‍സിഡി ലഭിക്കാത്തതിനെ തുടർന്ന് പലരും പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥൻ ഇയാളുടെ അടുപ്പക്കാരായ പത്ത് പേരുടെ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. പണം എത്തിയ ഉടനെ പിൻവലിച്ച് ബിനുമോന് അവർ നൽകുകയും ചെയ്തു. സബ്സിഡി തുക സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റിയെങ്കിലും അപേക്ഷകരുടെ കണ്ണിൽ പൊടിയിടാൻ ചിലർക്ക് ചെറിയ തുകകൾ നൽകുകയും ചെയ്തു. പശു വാങ്ങിയെന്ന് ഉറപ്പ് വരുത്തി, വിൽപ്പനക്കാരുടെ അക്കൗണ്ടിൽ നൽകേണ്ട തുകയാണ് നേരിട്ട് അപേക്ഷകന് നൽകിയത്. എന്നാൽ ഭൂരിഭാഗം പേർക്കും ഒറ്റ രൂപ പോലും കിട്ടിയില്ല.

ഉദ്യോഗസ്ഥന് എതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ വിജിലൻസിൽ പരാതി നൽകി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ എന്നിവർ വിജിലൻസിന് സംയുക്ത പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ. വിജിലൻസ് അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നാണ് ജനപ്രതിനിധികളുടെ പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →