ന്യൂഡല്‍ഹി: ശിവസേന എം.എല്‍.എമാരുടെ വിമതനീക്കം മഹാരാഷ്ട്ര സര്‍ക്കാരിനു ഭീഷണിയായതോടെ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടല്‍. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ എ.ഐ.സി.സി. നേതൃത്വം മഹാരാഷ്ട്രയിലേക്കയച്ചു. വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഇരുപതിലേറെ ശിവസേന എം.എല്‍.എമാരാണ് ഗുജറാത്തില്‍ ക്യാമ്പ് ചെയ്യുന്നത്. വിമതനീക്കം ഭരണകക്ഷിയായ മഹാ വികാസ് അഘാഡി(എം.വി.എ) സര്‍ക്കാരിന് ഭീഷണിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത്. സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ പരിഗണിച്ചാണ് കമല്‍നാഥിനെ മഹാരാഷ്ട്രയിലേക്കു നിയോഗിച്ചതെന്ന് എ.ഐ.സി.സി. വൃത്തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം മത്സരിച്ച ആറു സീറ്റുകളില്‍ ഒരെണ്ണം തോറ്റതിനു പിന്നാലെയാണ് മുതിര്‍ന്ന ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെയുടെ വിമതനീക്കം. അതേസമയം, ശിവസേന വിശ്വസ്തരുടെ പാര്‍ട്ടിയാണെന്നും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പോലെ, മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും ശിവസേന എം.പി. സഞ്ജയ് റാവുത്ത് പ്രതികരിച്ചു.
പ്രതിസന്ധി പരിഹരിക്കാന്‍ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ്
