5 ജി സ്പെക്ട്രം ലേലത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി

ന്യൂഡൽഹി: ഇന്ത്യയിൽ 5 ജി സേവനങ്ങൾ ഉടൻ ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് യോഗം 5 ജി സ്പെക്ട്രം ലേലത്തിന് അനുമതി നൽകി. 72097.85 മെഗാ ഹെർട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്ക് ആണ് സ്പെക്ട്രം നൽകുന്നത്. 2022 ജൂലൈ അവസാനത്തോടെ ലേലം നടപടികൾ പൂർത്തിയാകും.

ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയൻസ് ജിയോയും, ഭാരതീ എയർടെലും, വോഡഫോൺ ഐഡിയയും ആദ്യഘട്ട 5 ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്. നിലവിലുള്ള 4 ജിയേക്കാൾ പത്തിരട്ടി വേഗമാണ് 5 ജി വാഗ്ദാനം ചെയ്യുന്നത്.
വിവിധ വിദേശരാജ്യങ്ങളിൽ പലരും നേരത്തേതന്നെ 5ജി ഉപയോഗത്തിൽ കൊണ്ടു വന്നിട്ടുണ്ടെങ്കിലും ലേല നടപടികൾ പൂർത്തിയാക്കാതിരുന്ന തുകൊണ്ട് ഇന്ത്യയിൽ 5 ജി വിന്യസിക്കാൻ സാധിച്ചിരുന്നില്ല. ലേലം ഈ വർഷം നടക്കും എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ലേല തീയ്യതി വ്യക്തമാക്കിയിരുന്നില്ല.

600 മെഗാഹെർട്സ്, 700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ് , 1800 മെഗാഹെർട്സ്, 2100 മെഗാ ഹെർട്സ്, 2300 മെഗാഹെർട്സ് തുടങ്ങിയ ലോ ഫ്രീക്വൻസിക്കും, 3300 മെഗാഹെർട്സ് മിഡ് റേഞ്ച് ഫ്രീക്വൻസിക്കും, 26 ഗിഗാഹെർട്സ് ഹൈ റേഞ്ച് ഫ്രീക്വൻസി ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക. ഇതിൽ മിഡ് റേഞ്ച്, ഹൈ റേഞ്ച് ബാൻഡ് സ്പെക്ട്രം ആയിരിക്കും ടെലികോം സേവനദാതാക്കൾ 5 ജി വിന്യാസത്തിനായി ഉപയോഗിക്കുക. 10 വർഷത്തിനുശേഷം കമ്പനികൾക്ക് ആവശ്യമെങ്കിൽ സ്പെക്ട്രം സറണ്ടർ ചെയ്യാം. 5 ജി പുതിയ തൊഴിൽ സാധ്യതകൾ തുറക്കുമെന്നും, സാങ്കേതികവിദ്യാ രംഗത്ത് പൊതു വിപ്ലവത്തിന് വഴിവെക്കുമെന്നാണ് പ്രവചനങ്ങൾ. മൊബൈൽ ഫോൺ വിപണിയിൽ ഇതിനകം 5ജി ഫോണുകൾ സജീവമാണ്.

Share
അഭിപ്രായം എഴുതാം