ടിപ്പര്‍ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ രണ്ടരകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോഴിക്കോട്‌ : അലക്ഷ്യമായി അതിവേഗത്തില്‍ ഓടിച്ച ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്കു യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുത്തരവ്‌. നടുവണ്ണൂര്‍ സ്വദേശി ഫിറോസ്‌ അന്‍സാരിയാണ്‌ 2019 ഏപ്രില്‍ 10 നുണ്ടായ അപകടത്തില്‍ മരിച്ചത്‌. ഫിറോസിന്റെ മാതാപിതാക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്‌ 2,04,97,800 രൂപ നല്‍കാനാണ്‌ കോഴിക്കോട്‌ മോട്ടാര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്‌ജി കെ.ഇ.സാലിഹ്‌ വിധിച്ചത്‌. 8 ശതമാനം പലിശയും കോടതിച്ചെലവും അടക്കം എതിര്‍കക്ഷികള്‍ ആകെ രണ്ടര കോടി രൂപ നല്‍കണം.

നടുവണ്ണൂരിനടുത്ത്‌ രാത്രി റോഡരുകില്‍ ബൈക്കു നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന ഫിറോസിനെ അതിവേഗത്തിലെത്തിയ ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ്‌ 10 ദിവസത്തിനുശേഷം മരിച്ചു. ലോറിയുടമ താമരശേരി രാരോത്ത്‌ തട്ടാന്‍തൊടുകയില്‍ ടിടി മുഹമ്മദ്‌ റിയാസും അലക്ഷ്യമായി വാഹനം ഓടിച്ച താമരശേരി പൂതാര്‍കുഴിയില്‍ പി.കെ ആഷിഖും ഇന്‍ഷ്വറന്‍സ്‌ കമ്പനിയായ ചോളമണ്ഡലം എം.എസ്‌ ജനറല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനിയുമായിരുന്നു എതിര്‍ കക്ഷികള്‍.

ഫിറോസിന്‍രെ ഭാര്യ ഫാത്തിമ ഹാഫിസയും പിതാവ്‌ പക്കറും മാതാ്വ്‌ സൗദയുമാണ്‌ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്‌. ഭാര്യക്കും മാതാവിനും 50 ലക്ഷം വീതവും പിതാവിന്‌ 25 ലക്ഷവും നല്‍കണം. ബഹറിനില്‍ ജോലിയുണ്ടായിരുന്ന 31 കാരനായി ഫിറോസ്‌ അന്‍സാരി ലീവിന്‌ നാട്ടിലെത്തിയപ്പോഴാണ്‌ അപകടത്തില്‍ മരിച്ചത്‌. അഡ്വ. ആര്‍.രതീഷ്‌ കുമാര്‍, അഡ്വ.എം മുംതാസ്‌ എന്നിവര്‍ ഫിറോസിന്റെ കുടുംബത്തിനായി ഹാജരായി.

Share
അഭിപ്രായം എഴുതാം