പൂത്തൃക്ക ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു

സാമ്പത്തിക വർഷത്തിൽ നൂറ് പുതിയ സംരംഭങ്ങൾ ആരംഭിക്കാനൊരുങ്ങി പൂത്തൃക്ക ഗ്രാമപഞ്ചായത്ത്. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭകരെ തേടി പഞ്ചായത്ത് രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി നവസംരംഭകരെ കണ്ടെത്തുന്നതിനായി പഞ്ചായത്തിൽ സംരംഭകത്വ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി വർഗീസ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതികളെകുറിച്ചും സംരംഭം ആരംഭിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങളെക്കുറിച്ചും അറിവ് പകർന്ന് നവസംരംഭകർക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഏകദിന ശിൽപ്പശാല സം‌ഘടിപ്പിച്ചത്. എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന തലക്കെട്ടിൽ പൂത്തൃക്ക പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ  മാത്യൂസ് കുമ്മണ്ണൂർ അധ്യക്ഷത വഹിച്ചു.  

കുന്നത്തുനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും പുത്തൃക്ക ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു ശിൽപ്പശാല സംഘടിപ്പിച്ചത്.

പരിപാടിയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ രാജമ്മ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജ റെജി,  പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ, കൗൺസിലർമാരായ എൻ.വി. കൃഷ്ണൻ കുട്ടി, എം.വി. ജോയ്, നിഷ സജീവ്, കെ.സി. ഉണ്ണിമായ, ജിംസി മേരി വർഗീസ്, സംഗീത ഷൈൻ, ടി.വി. രാജൻ, ശോഭന സലീഭൻ, സുശീൽ വി. ദാനിയേൽ, കുന്നത്തുനാട് താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ വി.എച്ച് അബ്ദുൽ നാസർ, സി.ഡി.എസ് അധ്യക്ഷ ഹേമലത രവി തുടങ്ങിയവർ സംസാരിച്ചു.

വടവുകോട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ മിനി പി. ജോൺ, എഫ്.എൽ.സി സുദർശൻ, പൂത്തൃക്ക പഞ്ചായത്ത് വ്യവസായ പ്രതിനിധി ശിൽപ്പ രാജൻ എന്നിവർ വിവിധ സെഷനുകളിലായി ക്ലാസ്സുകൾ നയിച്ചു.

Share
അഭിപ്രായം എഴുതാം