പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ദക്ഷിണകശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ച ഭീകരര്‍ മൂന്നായി. കഴിഞ്ഞ മാസം റിയാസ് അഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഭീകരനും മരിച്ചവരിലുണ്ട്. രാത്രി മുഴുവന്‍ തുടര്‍ന്ന പോരാട്ടം 12/06/22 രാവിലെ വരെ നീണ്ടതായി പോലീസ് അറിയിച്ചു.പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസും കരസേനയും സി.ആര്‍.പി.എഫും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെ ലഷ്‌കറെ തോയ്ബ ഭീകരര്‍ ഒളിച്ചിരുന്ന് വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. മറ്റു രണ്ടുപേരെ 12/06/22 രാവിലെയാണ് വധിച്ചത്. മൂന്നുപേരും പുല്‍വാമ സ്വദേശികളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ജുെനെദ് ഷീര്‍ഗോജ്രി എന്നയാള്‍ക്കാണ് പോലീസുദ്യോഗസ്ഥനായിരുന്ന റിയാസ് അഹമ്മദിന്റെ കൊലപാതകത്തില്‍ പങ്കുള്ളത്. അടുത്തിടെ ചഡൂര മേഖലയിലെ ഇഷ്ടികച്ചൂളയില്‍ തൊഴിലാളികള്‍ക്കു നേരേയുണ്ടായ ആക്രമണത്തിലും ഇയാള്‍ പങ്കാളിയാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞ മാസം 13 നാണ് വീടിനു പുറത്തുവച്ച് റിയാസ് അഹമ്മദ് ഭീകരരുടെ വെടിയേറ്റു മരിച്ചത്.കൊല്ലപ്പെട്ട മൂന്നു ഭീകരരും ആക്രമണം ഉള്‍പ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പക്കലുണ്ടായിരുന്ന എ.കെ. 47 തോക്കുകളും പിസ്റ്റളും വെടിയുണ്ടകളും സേന കണ്ടെടുത്തു. കാശ്മീരില്‍ ഈ മാസം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ ഒമ്പതു തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം