തിരുവനന്തപുരം: സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖയിൽ താൻ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്ന് ഷാജ് കിരൺ. ഉപദേശം തരൂ എന്ന് സ്വപ്‌നയാണ് പറയുന്നത്. പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും ഷാജ് കിരൺ ആരോപിച്ചു. .
ആശ്വസിപ്പിക്കാൻ വേണ്ടിയാണ് സ്വപ്‌നയോട് കുറേ കാര്യങ്ങൾ പറഞ്ഞത്. ബിലീവേഴ്‌സ് ചർച്ചുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ജീവിതത്തിൽ ഇതുവരെ ശിവശങ്കറിനെ കണ്ടിട്ടില്ല. സ്വപ്ന ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന ചോദ്യങ്ങൾ ശബ്ദരേഖയിലുണ്ട്. എന്നാൽ അതിനുള്ള ഉത്തരം ശബ്ദരേഖയിലില്ല. അതെല്ലാം എഡിറ്റ് ചെയ്ത് മാറ്റിയതാണെന്നും ഷാജ് കിരൺ ആരോപിച്ചു.
താൻ മുഖ്യമന്ത്രിയുടെ പാട്ണറാണെന്ന് ശബ്ദരേഖയിൽ പറഞ്ഞത് തന്റെ സുഹൃത്ത് ഇബ്രാഹിമാണ്. അതൊരു തമാശയായി പറഞ്ഞതാണ്. മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞ മറ്റു കാര്യങ്ങൾ ഓൺലൈനിലെല്ലാം കേട്ട കാര്യങ്ങളാണ്. അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുമെങ്കിൽ ശിക്ഷിക്കട്ടെ. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഷാജ് കിരൺ പറഞ്ഞു.