ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആപദ്സൂചനയെന്നു യു.എസ്. ജനറല്‍ ചാള്‍സ് എ. ഫല്‍ന്‍.ചൈനയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ണുതുറപ്പിക്കുന്നതാണ്. ഇത് എന്തിനാണെന്നും എന്താണു ലക്ഷ്യമെന്നും അന്വേഷിക്കണമെന്നും യു.എസ്.സൈന്യത്തിന്റെ പസിഫിക് മേഖലാ കമാന്‍ഡറായ ഫല്‍ന്‍ പറഞ്ഞു.അസ്ഥിരതയ്ക്കു കാരണമാകുന്നതും അതിര്‍ത്തി മാന്തുന്നതുമായ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയിലെ സമാധാനം ഇല്ലാതാക്കും. അസ്ഥിരത വിതയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമായി നേരിടാന്‍ ഇന്ത്യയും യു.എസും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.സമുദ്രനിരപ്പില്‍നിന്നു പതിനായിരത്തോളം അടി ഉയരത്തിലുള്ള ഹിമാലയന്‍ പ്രദേശത്ത് ഒക്ടോബറില്‍ ഇന്ത്യയും യു.എസും സംയുക്തെസെനികാഭ്യാസം നടത്തുമെന്നും നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഫല്‍ന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹത്തിനു സൈന്യം സൗത്ത് ബ്ലോക്കില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ഒരുക്കിയിരുന്നു. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ഫല്‍ന്‍, എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരിയുമായും കൂടിക്കാഴ്ച നടത്തി.ലഡാക്ക് മേഖലയിലെ ഇന്ത്യാ ചൈനാ സംഘര്‍ഷം മൂന്നാം വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. ഗല്‍വാന്‍, പാങ്ങോങ്, ഗോഗ്ര-ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍നിന്നു െസെന്യത്തെ പിന്‍വലിച്ചിട്ടും സംഘര്‍ഷത്തിന് അയവില്ല. രണ്ടു ഭാഗത്തും അറുപതിനായിരത്തോളം സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്. വിപുലമായ ആയുധസന്നാഹങ്ങളും സജ്ജം. നയതന്ത്ര, സേനാതലങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും സമാധാനം പുനഃസ്ഥാപിക്കാനായിട്ടില്ല.
ചൈനീസ് നീക്കങ്ങള്‍: മുന്നറിയിപ്പുമായി യു.എസ്. ജനറല്‍
