ഡല്‍ഹി ആരോഗ്യമന്ത്രിയുടെ അറസ്റ്റ്: രണ്ടു കോടിയും സ്വര്‍ണവും പിടിച്ചെടുത്ത് ഇ.ഡി.

ന്യൂഡല്‍ഹി: ആം ആദ്മി നേതാവും അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയ്ന്‍ ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് 2.23 കോടി രൂപയും 1.8 കിലോ സ്വര്‍ണവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പിടിച്ചെടുത്തു.ഹവാല ഇടപാടില്‍ സത്യേന്ദര്‍ ജെയ്നിനെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന വല്ലഭ് ജെയ്ന്‍, അങ്കുഷ് ജെയ്ന്‍, നവീന്‍ ജെയ്ന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള രാംപ്രകാശ് ജുവലേഴ്സിന്റെ സമുച്ചയത്തില്‍നിന്നാണ് പണവും സ്വര്‍ണവും കണ്ടെടുത്തത്.കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വസതിയിലും മറ്റിടങ്ങളിലും ഉള്‍പ്പെടെ റെയ്ഡുകള്‍ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു.കഴിഞ്ഞ ഏപ്രിലില്‍ കൊല്‍ക്കത്തയിലെ ഒരു കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ 4.81 കോടി രൂപ ഇ.ഡി. കണ്ടുകെട്ടിയതിനു പിന്നാലെയായിരുന്നു ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നിന്റെ അറസ്റ്റ്. ഓഹരി പങ്കാളിത്തമുള്ള നാലു കമ്പനികള്‍ വഴി സ്വീകരിച്ച പണത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ ജെയ്നിനു കഴിഞ്ഞിട്ടില്ലെന്ന സി.ബി.ഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി. രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലായിരുന്നു നടപടി.സത്യേന്ദര്‍ ജെയ്ന്‍ ഇപ്പോള്‍ ഇ.ഡി. കസ്റ്റഡിയിലാണ്. ജെയ്ന്‍ പങ്കാളിയാവുകയോ വാങ്ങുകയോ ചെയ്ത നിരവധി കടലാസ് കമ്പനികള്‍ ഡല്‍ഹിയിലുണ്ടെന്നും 16.39 കോടിയുടെ കള്ളപ്പണ ഇടപാട് അതുവഴി നടന്നിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി പറയുന്നു.

സത്യേന്ദര്‍ ജെയ്നിന്റെ അറസ്റ്റും അനുബന്ധ സംഭവവികാസങ്ങളും ആം ആദ്മി പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പുതിയ യുദ്ധത്തിനു വഴിതുറന്നിരിക്കുകയാണ്. കേസ് അടിസ്ഥാനരഹിതമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ജയ്നിനുശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടമിട്ടിരിക്കുന്നതെന്നും മുഴുവന്‍ ആം ആദ്മി നേതാക്കളെയും അറസ്റ്റ് ഒറ്റയടിക്ക് അറസ്റ്റ് ചെയ്യുന്നതാണ് ഉത്തമമെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

Share
അഭിപ്രായം എഴുതാം