കോട്ടയം : സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് കോട്ടയം കിടങ്ങൂര്‍ സ്വദേശിനി അര്‍ച്ചനാ രാജ്(24) ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് ബിനു(27) മണര്‍കാട് പേലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് അറസ്‌റ്റ് രേഖപ്പെടുത്തി. 05/06/22 മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. ബിനുിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ബിനു ശനിയാഴ്‌ചയാണ് കിഴടങ്ങിയത്.
ബിനുവിന്റെ മൊതാപിതാക്കളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 2022 ഏപ്രില്‍ മൂന്നിനാണ് അര്‍ച്ചനയെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച് അര്‍ച്ചന ഡയറിയില്‍ കുറിച്ചിരുന്നു. 2020ലാണ് മണര്‍കാട് പെരുമാനൂര്‍ക്കുളത്ത് ഓട്ടോകണ്‍സള്‍ട്ടന്‍റായ ബിനുവും എഞ്ചിനീയറിംഗ് ബിരുദ ധാരിയായ അര്‍ച്ചനയും വിവാഹിതരായത്. സ്‌ത്രീധനം വേണ്ടെന്നുപറഞ്ഞിരുന്നെങ്കിലും വിവാഹശേഷം നാലുമാസം കഴിഞ്ഞതോടെ സ്ഥലം വാങ്ങാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ബിനുവും മാതാപിതാക്കളും ചേര്‍ന്ന് ഉപദ്രവം തുടങ്ങിയെന്നാണ് പരാതി.
അര്‍ച്ചനയുടെ പിതാവായ രാജുവിന്റെ പേരില്‍ കിടങ്ങൂരിലുളള 21 സെന്റ് സ്ഥലം വിറ്റ് 15 ലക്ഷം രൂപ നല്‍കാമെന്ന് അറിയച്ചങ്കിലും 25 ലക്ഷം തന്നെ വേണമെന്ന് ആവശ്യപ്പട്ട് നിരന്തരം സമ്മര്‍ദം ചെലുത്തി .കോവിഡ് കാലമായതിനാല്‍ വസ്‌തുവില്‍പന നടക്കാതെ വന്നതോടെ പണം കൊടുക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ വൈരാഗ്യത്തില്‍ പിതാവിന്റെ മുമ്പില്‍ വച്ചും പ്രസവശേഷം ആശുപത്രിയില്‍ വച്ചും ഉപദ്രവിച്ചതോടെ മാസങ്ങളോളം അര്‍ച്ചന മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. തങ്ങള്‍ മകളെ കാണാന്‍ ചെല്ലുന്നത് ബിനുവിന്റെ മാതാപിതാക്കള്‍ വിലക്കിയിരുന്നുവെന്നും പീഡനം തുടര്‍ന്നതോടെയാണ് അര്‍ച്ചന ജീവനൊടുക്കാന്‍ കാരണമെന്നും രാജു പറഞ്ഞു. അര്‍ച്ചനയുടെ ഒന്നരവയസുളള മകള്‍ ബിനുവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്.