തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണന് അനുശോചനമറിയിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ശബരിമല പ്രക്ഷോഭ കാലത്തെ പ്രയാറിന്റെ അറസ്റ്റടക്കം ഓർത്തെടുത്താണ് സുധാകരന്റെ അനുശോചന സന്ദേശം. വിശ്വാസ സംരക്ഷണ പോരാട്ടത്തിൽ പ്രയാർ എന്നും മുൻപന്തിയിലായിരുന്നുവെന്ന് പറഞ്ഞ സുധാകരൻ, പ്രയാറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ നിർത്തിയിരിക്കുന്ന കാഴ്ച അന്ന് വല്ലാതെ അസ്വസ്ഥനാക്കിയെന്നും വിവരിച്ചു. പ്രയാർ ചെയ്ത കുറ്റം എന്താണെന്ന് അന്ന് സ്റ്റേഷനിലെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ വിശ്വാസ സംരക്ഷണ പോരാട്ട സമരത്തിന് നേതൃത്വം നൽകിയതാണ് കുറ്റമെന്ന് അവർ എന്നെ അറിയിച്ചെന്നും സുധാകരൻ വിവരിച്ചു. സമരം നയിച്ചവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ പൊലീസിനെ അനുവദിക്കില്ലെന്ന് പറഞ്ഞ് ഞാൻ പ്രയാറിന്റെ കൈയ്യും പിടിച്ച് പൊലീസ് സ്റ്റേഷന് പുറത്തേക്ക് വരുമ്പോൾ സുസ്മേരവദനനായി എൻറെയൊപ്പം നടന്ന് വന്ന പ്രയാറിന്റെ മുഖം ഇന്നും എന്റെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ലെന്നും സുധാകരൻ അനുശോചന സന്ദേശത്തിൽ വിവരിച്ചു.
‘സുധാകരന്റെ വാക്കുകൾ : കെ എസ് യു വിദ്യാർത്ഥി സംഘടനയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന പ്രയാർ മരണം വരെ ത്രിവർണ്ണക്കൊടി നെഞ്ചോട് ചേർത്ത് പിടിച്ച് കോൺഗ്രസ് വികാരം മനസ്സിൽ സൂക്ഷീച്ച നേതാവായിരുന്നു. ചിരിക്കുന്ന മുഖത്തോടെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തൻറേടം കാട്ടിയ നേതാവാണ് പ്രയാർ. കേരളത്തിൽ ചിതറി കിടന്നിരുന്ന ക്ഷീരകർഷകരെ സംഘടിത ശക്തിയായി വളർത്തിയെടുക്കുന്നതിൽ പ്രയാർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ക്ഷീരകർഷക മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ അദ്ദേഹം പ്രയത്നിച്ചു. മിൽമ സൊസൈറ്റിയുടെ രൂപീകരണത്തിനും വളർച്ചക്കും പ്രയാർ നടത്തിയ ഇടപെടലുകൾ കേരളത്തിലെ ക്ഷീരകർഷകർക്ക് മറക്കാനാവില്ല. ക്ഷീരകർഷകർക്ക് തങ്ങളുടെ സംഘടിത ശക്തിയുടെ ആവശ്യം മനസിലാക്കി കൊടുക്കാൻ പ്രയാർ നടത്തിയ സേവനം പ്രശംസനീയമാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന കാലത്ത് ശബരിമല വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ വിശ്വാസികൾ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിശ്വാസ സംരക്ഷണത്തിനായി അദ്ദേഹം തുടർച്ചയായി വാദിച്ചു. സി പി എം അദ്ദേഹത്തെ സംഘപരിവാറുകാരനായി ചിത്രീകരിക്കാനും വേട്ടയാടാനും ശ്രമിച്ചത് അദ്ദേഹത്തിൻറെ മനസിനെ വല്ലാതെ ഉലച്ചിരുന്നു. വിശ്വാസ സംരക്ഷണ പോരാട്ടത്തിൽ പ്രയാർ മുൻപന്തിയിലായിരുന്നു. അത് ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. ശബരിമല വിശ്വാസ സംരക്ഷണ വിഷയം കേരളത്തിൽ കത്തിപടർന്ന് നിൽക്കുന്ന കാലത്ത് നിരപരാധികളായവരെ പൊലീസുകാർ തടവുകാരായി പിടിച്ചുവെച്ചെന്ന് അറിഞ്ഞ് ഞാൻ നേരിട്ട് പമ്പ പൊലിസ് സ്റ്റേഷനിൽ എത്തിയ സംഭവം ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. പൊലീസ് സ്റ്റേഷനിലേക്ക് അന്ന് ഞാൻ കടന്ന് ചെല്ലുമ്പോൾ വിശ്വാസ പോരാട്ടത്തിൽ പങ്കെടുത്തതിൻറെ പേരിൽ പൊലീസ് പ്രയാർ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ നിർത്തിയിരിക്കുന്ന കാഴ്ച എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ആഹാരം കഴിക്കാനോ വേഷം മാറാനോ അദ്ദേഹത്തെ പൊലീസ് അനുവദിച്ചിരുന്നില്ല. ഞാൻ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രയാർ ചെയ്ത കുറ്റം എന്താണെന്ന് ചോദിച്ചു. വിശ്വാസ സംരക്ഷണ പോരാട്ട സമരത്തിന് നേതൃത്വം നൽകിയതാണ് കുറ്റമെന്ന് അവർ എന്നെ അറിയിച്ചു. സമരം നയിച്ചവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ പൊലീസിനെ അനുവദിക്കില്ലെന്ന് പറഞ്ഞ് ഞാൻ പ്രയാറിന്റെ കൈയ്യും പിടിച്ച് പൊലീസ് സ്റ്റേഷന് പുറത്തേക്ക് വരുമ്പോൾ സുസ്മേരവദനനായി എൻറെയൊപ്പം നടന്ന് വന്ന പ്രയാറിന്റെ മുഖം ഇന്നും എൻറെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല. നിലപാടുകൾക്കൊണ്ട് ഏവരെയും എന്നും ഞെട്ടിച്ച പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം.
ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ചു. ചടയമംഗലം കണ്ട എക്കാലത്തെയും മികച്ച എം എ ൽഎ കൂടിയായിരുന്നു അദ്ദേഹം. ഏറ്റെടുത്ത പദവികൾ പൂർണ്ണ ഉത്തരവാദിത്തത്തോടെ നിർവഹിച്ച് പ്രയാർ ഗോപാലകൃഷ്ണന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്