നൗകയില്‍ ഒറ്റയ്ക്ക് പസിഫിക് കടന്ന ഏറ്റവും പ്രായംകൂടിയ ആളായി കെനിച്ചി ഹോറി

ടോക്യോ: നൗകയില്‍ ഒറ്റയ്ക്ക് പസിഫിക് സമുദ്രം കടക്കുന്ന ഏറ്റവും പ്രായംകൂടിയ ആളെന്ന റെക്കോഡ് നേടി ജപ്പാന്‍കാരനായ കെനിച്ചി ഹോറി. 83 വയസ്സാണ് ഹോറിക്ക്. കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്ന് രണ്ടുമാസം മുമ്പ് യാത്ര പുറപ്പെട്ട് ശനിയാഴ്ച രാവിലെയാണ് പടിഞ്ഞാറന്‍ ജപ്പാനിലെ കീ കടലിടുക്കില്‍ എത്തിച്ചേര്‍ന്നത്. ഇടയില്‍ കരതൊടാതെയായിരുന്നു യാത്ര. ഒറ്റയ്ക്ക് നൗകയില്‍ പസിഫിക് സമുദ്രം താണ്ടിയ ആദ്യ വ്യക്തികൂടിയാണ് ഹോറി.1962-ല്‍ തന്റെ 23-ാം വയസ്സിലായിരുന്നു ആദ്യ ദൗത്യം. 1974-ലും 1978-ലും 1982-ലും നൗകയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയും ഹോറി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 2008-ല്‍ ഹവായിലെ ഹോണലൂലുവില്‍നിന്ന് കീ കടലിടുക്ക് വരെ കടല്‍യാത്ര നടത്തിയും ഹോറി തന്റെ സാഹസികത തെളിയിച്ചിരുന്നു.’ഞാനിതാ ലക്ഷ്യത്തോടടുക്കുന്നു’ എന്ന് വെള്ളിയാഴ്ച രാത്രിയോടെ അദ്ദേഹം തന്റെ ബ്ലോഗ്സ്പോട്ടില്‍ എഴുതി. ആദ്യ യാത്രയുടെ അനുഭവങ്ങളും അദ്ദേഹം കുറിപ്പില്‍ പങ്കുവെച്ചു. ‘അന്ന് പാസ്പോര്‍ട്ട് ഇല്ലാതെയായിരുന്നു യാത്ര. പിടിക്കപ്പെടുമോ എന്ന ചിന്തയായിരുന്നു യാത്രയിലുടനീളം. എന്നാല്‍, ഇത്തവണ ഒട്ടേറെപ്പേരാണ് ആശംസകളുമായി എത്തുന്നത്.’ -അദ്ദേഹം എഴുതി.

Share
അഭിപ്രായം എഴുതാം