വൈദ്യുതി ഉത്പാദന രംഗത്ത് വലിയ ഇടപെടലാണ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉണ്ടായതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കക്കയത്തെ കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് ഒന്നാംഘട്ടത്തിന്റെ നവീകരണ- ആധുനികവത്കരണത്തിന്റെയും ശേഷി വര്‍ധിപ്പിക്കല്‍ പ്രവര്‍ത്തികളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുടങ്ങിക്കിടക്കുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ക്രിയാത്മകമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കക്കയം ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനം എം.എല്‍.എ നിര്‍വഹിച്ചു. ജനറേഷന്‍ ഡയറക്ടര്‍ സിജി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
50 വര്‍ഷം കഴിഞ്ഞ മെഷീനുകള്‍ മാറ്റി ആധുനികവത്കരിച്ച് ശേഷി വര്‍ധിപ്പിക്കലാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. മൂന്ന് മെഷീനുകളുടെയും എം ഐ വി, ടര്‍ബെന്‍ ജനറേറ്റര്‍, കണ്‍ട്രോള്‍ പാനലുകള്‍ എന്നിവയും അനുബന്ധ ഉപകരണങ്ങളും മാറ്റി സ്ഥാപിക്കും. ഇലക്ട്രോ മെക്കാനിക്കല്‍ ജോലികളുടെ കരാര്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡാണ്. 89.82 കോടിരൂപയുടെ കരാറാണ് ബി.എച്ച്.ഇ.എല്ലിന് നല്‍കിയത്. വൈദ്യുതമേഖലയിലെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടാന്‍ കക്കയത്തെ കുറ്റ്യാടി ജലവൈദ്യുത പദ്ധതി നവീകരണം വഴി സാധിക്കും.
സംസ്ഥാന ജലവൈദ്യുത പദ്ധതികളില്‍ സ്ഥാപിതശേഷിയില്‍ മൂന്നാം സ്ഥാനത്താണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതി. 225 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയില്‍ 25 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് മെഷീനുകള്‍ അടങ്ങിയ പദ്ധതി 1972-ലാണ് സ്ഥാപിച്ചത്. 10 ശതമാനം ഉത്പാദനശേഷി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 25 മെഗാവാട്ട് മെഷീനുകളുടെ ശേഷി 27.5 മെഗാവാട്ടാകും. മൂന്ന് മെഷീനുകള്‍ക്കും കൂടി 7.5 മെഗാവാട്ടിന്റെ അധിക ഉത്പാദനം സാധ്യമാക്കി മൊത്തം ഉത്പാദനശേഷി 239.25 മെഗാവാട്ടായി വര്‍ധിപ്പിക്കും. ഇതുവഴി വാര്‍ഷിക വൈദ്യുതി ഉത്പാദനം 26 ദശലക്ഷം യൂണിറ്റ് അധികമായി ഉയരും.
നവീകരിക്കുന്ന മൂന്നു ജനറേറ്ററുകളും 35 എം.വി.എ ശേഷിയുള്ള പുതിയ ജനറേറ്റര്‍ ട്രാന്‍സ്‌ഫോമറുകളുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനവും ഈ പദ്ധതിയിലൂടെ സാധ്യമാകും. ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി സ്ഥാപിക്കാനുള്ള കരാര്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടെല്‍കിനാണ്.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ ഹസീന, ഗ്രാമപഞ്ചായത്ത് അംഗം ഡാര്‍ളി എബ്രഹാം, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് എം. ഡി ഡോ. ബി. അശോക് സ്വാഗതവും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.ആര്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.