ടേണിങ്ങ് പോയിന്റ്-വിദ്യാഭ്യാസ എക്‌സ്‌പോക്ക് തുടക്കം
ജനജീവിതം മെച്ചപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണത്തിനും ഉതകുന്നവിധം പ്രയോഗക്ഷമമാകണം കലാലയങ്ങളിലും സർവ്വകലാശാലകളിലും നടക്കുന്ന ഗവേഷണങ്ങളും അറിവ് ഉൽപ്പാദനവുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. ആർ ബിന്ദു പറഞ്ഞു. കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ വിദ്യാഭ്യാസ വികസന എക്‌സ്‌പോ- ടേണിങ്ങ് പോയിന്റ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രവും സമൂലവുമായ മാറ്റത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ കഴിയുന്ന ആത്മവിശ്വാസമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനാണ് ശ്രമം. തൊഴിലില്ലായ്മ ഒരു വെല്ലുവിളിയാണ്. ഇതിനെ അതിജീവിക്കാൻ തൊഴിലും വിദ്യാഭ്യാസവുമായുള്ള ബന്ധം ഊട്ടിഉറപ്പിക്കേണ്ടതുണ്ട്. വലിയ രീതിയിലുള്ള നൈപുണ്യ വികസനവും നൈപുണ്യ പോഷണവും ഇതിനാവശ്യമാണ്. കെഡിസ്‌കിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന മുഴുവൻ ഉദ്യോഗാർത്ഥികൾക്കും അഭിരുചിക്കനുസരിച്ചുള്ള പ്രത്യേക പരിശീലനം നൽകി തൊഴിൽ നൽകുകയാണ് ലക്ഷ്യം.
പരമ്പരാഗത കോഴ്‌സുകൾ പഠിച്ച് തൊഴിൽ കമ്പോളങ്ങളിൽ അവസരം ഇല്ലാതെ നിൽക്കുന്ന സ്ഥിതി മാറണം. മനുഷ്യ നിർമിത മസ്തിഷ്‌കം മനുഷ്യ മസ്തിഷ്‌കത്തിൻമേൽ ആധിപത്യം സ്ഥാപിക്കുന്ന സാങ്കേതിക വിദ്യയുടെ കാലമാണ്. അതിനാൽ പുതിയ കാലത്തെ നവീന കോഴ്‌സുകൾ പഠിക്കേണ്ടതുണ്ട്. അറിവുൽപ്പാദനത്തിലൂടെ രൂപപ്പെടുന്ന നൂതനാശയങ്ങളെ പ്രായോഗിക സാങ്കേതിക വിദ്യാ രൂപമായി മാറ്റുകയാണ് പ്രധാനം. അതിന് പുതു തലമുറയെ സഹായിക്കാനാണ് ഇൻകുബേഷൻ സെന്ററുകൾ പോലുള്ള സംവിധാനങ്ങൾ ഒരുക്കുന്നത്. ഈ മേഖലയിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. 1500 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലക്ക് നീക്കിവെച്ചത്. എല്ലാ സർവ്വകലാശാലകളിലും ഇൻകുബേഷൻ സെന്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
പരിപാടിയിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ് , ലൈഫോളജി സിഇഒ പ്രവീൺ പരമേശ്വരശ്വർ, കണ്ണൂർ യൂണിവേഴ്‌സിറ്റി പിവിസി ഡോ. സാബു അബ്ദുൽ ഹമീദ് , ചലച്ചിത്ര സംവിധായകൻ ഷെറി ഗോവിന്ദ്, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, തളിപ്പറമ്പ് ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. വി ഒ രജനി, സംഘാടക സമിതി ജനറൽ കവീനർ കെ സി ഹരികൃഷ്ണൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പിഒ മുരളീധരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.