ഇമ്രാന്‍ ആസിഫ് അലി സര്‍ദാരിയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാക് പാര്‍ലമെന്റില്‍ കഴിഞ്ഞ മാസം നടന്ന അവിശ്വാസവോട്ടെടുപ്പിനു മുമ്പായി, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ഒത്തുതീര്‍പ്പിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്.സര്‍ദാരിയും റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ മാലിക് റിയാസ് ഹുെസെനും തമ്മിലുള്ള സംഭാഷണത്തിലാണ് ഇതു സംബന്ധിച്ച ആരോപണം. 32 സെക്കന്‍ഡ് ഓഡിയോ കഴിഞ്ഞദിവസമാണ് പുറത്തായത്. ഇമ്രാന്‍ ഖാന്‍ നിരവധി മെസേജുകള്‍ അയയ്ക്കുന്നുണ്ടെന്നു റിയാസ് പറയുന്നതും ഇത് ഇനി അസാധ്യമാണെന്നും സര്‍ദാരി മറുപടി പറയുന്നതും ഓഡിയായില്‍ കേള്‍ക്കാം. അടുത്തിടെ അധികാരമേറ്റ ഷഹബാസ് ഷെരീഫ് സര്‍ക്കാരിനെതിരേ ആരംഭിച്ച പ്രക്ഷോഭം ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.ഇത് ഇമ്രാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹ്രിക് ഇ ഇന്‍സാഫും (പി.ടി.ഐ.) പാക്‌ െസെന്യവും തമ്മില്‍ ധാരണയില്‍ എത്തിയയതു മൂലമാണെന്ന് അഭ്യൂഹം പരക്കുന്നതിനിടെയാണ് ടെലിഫോണ്‍ സംഭാഷണം പുറത്തായത്.

ജൂണ്‍ ഒന്നിന് മുന്‍പ് പുതിയ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇമ്രാന്‍ രാജ്യമെമ്പാടും പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത്.അതേസമയം, പ്രചരിക്കുന്ന ഓഡിയോ വ്യാജമാണെന്നും ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും പി.ടി.ഐ. പ്രതികരിച്ചു. എന്നാല്‍, അത് യഥാര്‍ഥ സംഭാഷണമായി തോന്നുന്നുവെന്നായിരുന്നു സര്‍ദാരി നയിക്കുന്ന പി.പി.പിയുടെ പ്രതികരണം.

Share
അഭിപ്രായം എഴുതാം